മുഈന്‍ അലിക്ക് എതിരെ നടപടിക്ക് ശുപാര്‍ശയില്ല; അത്തരം അവകാശ വാദങ്ങള്‍ തെറ്റെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍

By Web TeamFirst Published Aug 7, 2021, 2:52 PM IST
Highlights

മുഈന്‍ അലിയെ പിന്തുണച്ച് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അൻവർ സാദത്തും എത്തിയിരുന്നു. ലീഗ് ആരുടെയും  സ്വകാര്യ സ്വത്തല്ലെന്നായിരുന്നു അൻവർ സാദത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. 

കൊച്ചി: ലീഗ് നേതൃത്വത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ച മുഈന്‍ അലിക്ക് എതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍. അത്തരം അവകാശ വാദങ്ങള്‍ തെറ്റെന്നും ആസിഫ് അന്‍സാരി പറഞ്ഞു. മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗത്തിലേക്ക് യൂത്ത് ലീഗ് ദേശീയ ഭാരവാഹികളെ വിളിക്കും. ദേശീയ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി എന്നിവരെ ഓൺലൈനിൽ പങ്കെടുപ്പിക്കും.

അതേസമയം മുഈന്‍ അലിക്ക് പിന്തുണയുമായി യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അൻവർ സാദത്തും രംഗത്തെത്തി. ലീഗ് ആരുടെയും  സ്വകാര്യ സ്വത്തല്ലെന്നായിരുന്നു അൻവർ സാദത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. മുഈന്‍ അലി ഉയർത്തിയ പ്രശ്നങ്ങൾ ലീഗ് ഗൗരവത്തിൽ ചർച്ച ചെയ്യണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്. മുഈന്‍ അലിയെ അധിക്ഷേപിച്ചയാൾക്ക് എതിരെ നടപടി വേണമെന്നും ഇത്തരം വൃത്തികേടുകൾ പാർട്ടിയിൽ പാടില്ലെന്നും പോസ്റ്റിൽ പറയുന്നു. ആദ്യമായാണ് ഒരു യൂത്ത് ലീഗ് നേതാവ് പരസ്യമായി മുഈന്‍ അലിയെ അനുകൂലിച്ച് രംഗത്തെത്തുന്നത്. കോഴിക്കോട്ട് ചന്ദ്രികയിലെ കാര്യം വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലാണ് മുഈനലി നേതൃത്വത്തിന് എതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!