മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് 'സ്വര്‍ണ ബിസ്‌ക്കറ്റ്' അയച്ച് പ്രതിഷേധിക്കാന്‍ യൂത്ത് ലീഗ്

By Web TeamFirst Published Jul 7, 2020, 9:53 PM IST
Highlights

സ്വര്‍ണക്കളറിലുള്ള പേപ്പറില്‍ ബിസ്‌ക്കറ്റ് പൊതിഞ്ഞ് പ്രതീകാത്മകമായാണ് അയക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
 

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സംസ്ഥാന വ്യാപകമായി 'സ്വര്‍ണ ബിസ്‌ക്കറ്റ്' അയച്ച് പ്രതിഷേധിക്കാന്‍ യൂത്ത് ലീഗ്. ബുധനാഴ്ചയാണ് 'സ്വര്‍ണ ബിസ്‌ക്കറ്റ്' അയക്കുന്നത്. സ്വര്‍ണക്കളറിലുള്ള പേപ്പറില്‍ ബിസ്‌ക്കറ്റ് പൊതിഞ്ഞ് പ്രതീകാത്മകമായാണ് അയക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. സ്പ്രിംക്‌ളര്‍, ബെവ് ക്യൂ, ഇ-മൊബിലിറ്റി കരാറുകളില്‍ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ അവസാനം വരെ മുഖ്യമന്ത്രി പിടിച്ചുനിന്നു. എന്നാല്‍ എക്‌സ്‌റേയില്‍ 30 കിലോ സ്വര്‍ണം തെളിഞ്ഞപ്പോഴാണ് സെക്രട്ടറിയെ മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറായതെന്നും പികെ ഫിറോസ് ആരോപിച്ചു. ചില പഞ്ചായത്ത് കമ്മിറ്റികള്‍ പ്രതിഷേധ സൂചകമായി 'സ്വര്‍ണ ബിസ്‌ക്കറ്റു'കള്‍ അയച്ചു. 

പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ കള്ളന്‍ കഥാപാത്രമുണ്ട്. കുറ്റം സമ്മതിക്കാതെ അവസാനം വരെ പിടിച്ച് നില്‍ക്കും. ഒടുവില്‍ വിഴുങ്ങിയ സ്വര്‍ണ്ണം എക്‌സ്‌റേയില്‍ തെളിഞ്ഞപ്പോഴാണ് പ്രതി കുടുങ്ങുന്നത്. സ്പിംഗ്‌ളര്‍, ബെവ്ക്യു, ഇ-മൊബിലിറ്റി തുടങ്ങിയ കരാറിലൊക്കെ അഴിമതി ആരോപണം ഉയര്‍ന്നപ്പോഴും അവസാനം വരെ മുഖ്യമന്ത്രി പിടിച്ചു നിന്നു. ഒടുവില്‍ എക്‌സറേയില്‍ 30 കിലോ സ്വര്‍ണ്ണം തെളിഞ്ഞപ്പോഴാണ് തന്റെ സെക്രട്ടറിയെ മാറ്റാന്‍ തയ്യാറായത്.

ഇത് അവിടം കൊണ്ടവസാനിക്കേണ്ട ഒന്നല്ല. സി.ബി.ഐ അന്വേഷണം നടക്കട്ടെ. മുഴുവന്‍ കള്ളക്കളികളും പുറത്ത് വരട്ടെ.

യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ ശ്രദ്ധക്ക്, 
പ്രതിഷേധ സൂചകമായി നാളെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ അയക്കുകയാണ്. സ്വര്‍ണ്ണക്കളറിലുള്ള പേപ്പറില്‍ പൊതിഞ്ഞ് ബിസ്‌കറ്റുകള്‍ പ്രതീകാത്മകമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുക. 30 കിലോ അല്ല 300 കിലോയെങ്കിലും അവിടെ എത്തണം. ആര്‍ത്തി മാറട്ടെ.

അയക്കേണ്ട വിലാസം
സ്വപ്ന പദ്ധതി
മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം
 

click me!