മുത്തൂറ്റ്‌ സമരം: കേസ് ഇന്ന് ഹൈക്കോടതിയില്‍, സിഐടിയു സഹായസമിതി രൂപീകരിച്ചു

By Web TeamFirst Published Feb 20, 2020, 6:54 AM IST
Highlights

മധ്യസ്ഥ ചർച്ചകൾ തുടരുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും. മുത്തൂറ്റ് ഓഫീസുകൾക്ക് നേരെ ആക്രമണം തുടരുന്ന കാര്യം മാനേജ്മെന്റ് കോടതിയിൽ അറിയിക്കും. 

കൊച്ചി: മുത്തൂറ്റ് തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുത്തൂറ്റ് സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മധ്യസ്ഥ ചർച്ചകൾ തത്കാലത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. കേസ് ഇന്ന് പരിഗണിക്കുമ്പോൾ ചർച്ചകൾ തുടരുന്ന കാര്യത്തിൽ കോടതി തീരുമാനമെടുക്കും. മുത്തൂറ്റ് ഓഫീസുകൾക്ക് നേരെ ആക്രമണം തുടരുന്ന കാര്യം മാനേജ്മെന്റ് കോടതിയിൽ അറിയിക്കും. 

മുത്തൂറ്റ് സമരം കൂടുതൽ ശക്തിപ്പെടുത്താൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന സിഐടിയു യോഗം തീരുമാനിച്ചിരുന്നു. മുത്തൂറ്റ് ഫിനാൻസിലെ സമരം സംസ്ഥാന വ്യാപകമാക്കാനാണ് സിഐടിയുവിന്‍റെ തീരുമാനം. ഇതിനായി എല്ലാ ബ്രാഞ്ചുകളും കേന്ദ്രീകരിച്ച് സമര സഹായ സമിതികൾ രൂപീകരിക്കും. 

മുത്തൂറ്റ് ഫിനാൻസിന്‍റെ 43 ശാഖകൾ പൂട്ടുകയും 167 ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തതിന് എതിരെ സിഐടിയു 45 ദിവസത്തിലധികമായി സമരം നടത്തി വരികയാണ്. പ്രശ്നം ഒത്തു തീർപ്പിലെത്തിക്കാൻ മാനേജ്മെൻറ് തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് സിഐടിയു സമരം കൂടുതൽ ശക്തമാക്കുന്നത്. വരും ദിവസങ്ങളിൽ ജില്ലാ തലത്തിൽ സമര സഹായ സമിതികൾ രൂപീകരിക്കും. ജില്ലകൾ തോറും സമര കേന്ദ്രങ്ങളും ആരംഭിക്കും. തുടർന്ന് എല്ലാ ബ്രാഞ്ചുകൾക്കു മുന്നിലും ഉപരോധം നടത്താനാണ് ആലോചിക്കുന്നത്.

ഹൈക്കോടതി നിയോഗിച്ച അമിക്യസ്ക്യൂറി നിർദ്ദേശങ്ങൾ അട്ടിമറിച്ച മുത്തൂറ്റ് മാനേജ്മെൻറിനെതിരെ നിയമ നടപടി സ്വീകിരക്കണമെന്നും ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടു. പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുക്കും വരെ സമരം തുടരാനാണ് സിഐടിയു തീരുമാനം. സമര സഹായ സമിതിക്കായി എൻജിഒ യൂണിയൻ സമാഹരിച്ച പതിനഞ്ചു ലക്ഷം അടക്കമുള്ള തുക സമര സമിതിക്ക് കൈമാറി.

click me!