മുത്തൂറ്റ് ചർച്ച: മാനേജ്മെന്‍റ് സഹകരിക്കണമെന്ന് ഹൈക്കോടതി, സമരം നിയമാനുസൃതം തുടരാം

By Web TeamFirst Published Sep 19, 2019, 11:53 AM IST
Highlights

അതേസമയം, ജോലിക്കെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന നിലപാട് ഹൈക്കോടതി ആവർത്തിച്ചു. 

കൊച്ചി: മുത്തൂറ്റ് സമരം ഒത്തുതീർക്കാൻ സർക്കാർ വിളിച്ച ച‍ർച്ചയിൽ തൊഴിലാളി നേതാക്കളുമായി സഹകരിക്കാതെ തുടരുന്ന മുത്തൂറ്റ് മാനേജ്മെന്‍റിനോട് കർശന നിർദേശവുമായി ഹൈക്കോടതി. സർക്കാർ ആഭിമുഖ്യത്തിൽ വിളിച്ച ചർച്ചയിൽ മുത്തൂറ്റ് മാനേജ്മെന്‍റ് സഹകരിക്കണം. സമരം ചെയ്യുന്നവർക്ക് നിയമാനുസൃതം അത് തുടരാം. അതിന് ജീവനക്കാർക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, ജോലിക്കെത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ഹൈക്കോടതി നിർദേശം നൽകി. 

മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരുടെ സമരം സംബന്ധിച്ച് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലും ധാരണയായിരുന്നില്ല. മുത്തൂറ്റ് മാനേജ്മെന്‍റ് ചര്‍ച്ചയുമായി സഹകരിക്കുന്നില്ലെന്നാണ് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ കുറ്റപ്പെടുത്തിയത്. പ്രശ്നപരിഹാരത്തിനായി ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

മൂത്തൂറ്റ് സമരം തുടങ്ങിയിട്ട് ഇന്ന് 31 ദിവസമായി. ഇതു സംബന്ധിച്ച മൂന്നാമത്തെ ചര്‍ച്ചയാണ് ഇന്നലെ തീരുമാനമാകാതെ പിരിഞ്ഞത്. മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോൺ ചര്‍ച്ചയ്ക്കെത്തിയെങ്കിലും മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം മടങ്ങിപ്പോയി. തൊഴിലാളിനേതാക്കളുമായി ചര്‍ച്ച നടത്താന്‍ അദ്ദേഹം തയ്യാറായില്ല. 

ധനകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച സർക്കാർ ഉത്തരവ് കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. പക്ഷേ, ഒരു താൽക്കാലിക വർദ്ധനയെന്ന ആവശ്യം ഉന്നയിച്ചെങ്കിലും മാനേജ്മെന്‍റ് അത് അംഗീകരിച്ചില്ല. കടുത്ത പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന തോട്ടം മേഖലയിലെ കമ്പനികൾ പോലും തൊഴിലാളികള്‍ക്ക് ഇടക്കാല ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍,  തൊഴിലാളി ക്ഷേമത്തിന് വേണ്ടി മുന്നോട്ടുവച്ച നിർദ്ദേശം അംഗീകരിക്കാന്‍ മുത്തൂറ്റ് മാനേജ്മെന്‍റ് തയ്യാറായില്ലെന്നും മന്ത്രി ആരോപിച്ചു. 

കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റിൽ ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങിയത്. സിഐടിയുവിന്‍റെ പിന്തുണയുള്ള സമരത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ബ്രാഞ്ചിലടക്കം നാടകീയരംഗങ്ങളായിരുന്നു അരങ്ങേറിയത്. സമരക്കാരും ജോലിക്കെത്തിയ ജീവനക്കാരും ഏറ്റുമുട്ടി. മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറടക്കം റോഡിൽ കുത്തിയിരുന്നു. 

സമരത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലെ ചില ബ്രാഞ്ചുകൾ അടയ്ക്കാൻ തീരുമാനിച്ചതായി മുത്തൂറ്റ് മാനേജ്മെന്‍റ് ‍പ്രഖ്യാപിച്ചു. എന്നാൽ ഇതിനെതിരെ നൽകിയ ഹ‍ർജിയിൽ ജോലിക്കെത്തുന്ന ജീവനക്കാരെ ആരും തടയില്ലെന്ന് ഉറപ്പുവരുത്തണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം നൽകണമെന്നും ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ സമവായ ചർച്ചകൾ തുടങ്ങിയത്. 

click me!