കൊച്ചി: വയനാട് മുട്ടിൽ മരം മുറി കേസ് നിലനിൽക്കില്ലെന്ന് പ്രതികൾ കോടതിയിൽ. രാഷ്ട്രീയ, മാധ്യമ വേട്ടയാണ് നടക്കുന്നതെന്ന് പ്രതികൾ കോടതിയിൽ വാദിച്ചു. എപ്പോൾ വേണമെങ്കിലും തങ്ങളെ അറസ്റ്റ് ചെയ്യാം. അതിനാൽ മുൻകൂർ ജാമ്യഹർജി അടിയന്തിരമായി പരിഗണിക്കണമെന്നും പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടു. പ്രതികൾക്ക് എതിരെ 39 കേസുകളാണ് നിലവിൽ ഉള്ളതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹർജികൾ ഒരുമിച്ച് പരിഗണിക്കണം എന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.
പ്രതികളായ ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരാണ് മുൻകൂർ ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും അനുമതി വാങ്ങിയതിന് ശേഷമാണ് മരം മുറിച്ചതെന്നും ,വിവരങ്ങൾ റവന്യു ഉദ്യോഗസ്ഥരെയും കൽപ്പറ്റ കോടതിയെയും അറിയിച്ചിരുന്നുവെന്നുമാണ് ഹർജിയിൽ പ്രതികളുടെ വാദം. വില്ലേജ് ഓഫീസറുടെ അനുമതിയും ലഭിച്ചിരുന്നതായും ജാമ്യാപേക്ഷയിൽ പറയുന്നു. ഈ സാഹചര്യത്തിൽ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിപ്പാനത്തിലുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് ഹർജിക്കാരുടെ വാദിക്കുന്നത്. കേസിൽ അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam