വാഗ്ദാനങ്ങളുടെ ശവപ്പറമ്പായി കുട്ടനാട്, പുറംബണ്ടും ഷെൽട്ടർ ഹോമും ഇന്നും കടലാസിൽ

By Web TeamFirst Published Jun 15, 2021, 9:44 AM IST
Highlights

കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും ഷെൽറ്റർ ഹോമുകൾക്കായി കണ്ടെത്തിയ സ്ഥലങ്ങൾ വെറുതെകിടപ്പുണ്ട്. മുൻ മന്ത്രി തോമസ് ഐസക് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഒരു പദ്ധതിയായിരുന്നു മണൽചാക്കുക‌ൾ അടുക്കിയുള്ള പുറംബണ്ട് നിർമാണം. എന്നാൽ പരീക്ഷണം അപ്പാടെ പാളി. 86 ലക്ഷം രൂപ വെറുതെപോയി

കുട്ടനാട്: വൻ പദ്ധതികളുടെയും, പ്രഖ്യാപനങ്ങളുടെയും ശവപ്പറമ്പാണ് കുട്ടനാട്. ശക്തമായ പുറംബണ്ട് നിർമാണം, ഷെൽറ്റർ ഹോമുകൾ, കുട്ടനാട് പാക്കേജ് തുടങ്ങി ഹെലികോപ്റ്റർ ഇറങ്ങുന്ന സർക്കാർ ആശുപത്രി വരെ, പ്രഖ്യാപനങ്ങൾ കേട്ട് വഞ്ചിക്കപ്പെട്ടവരാണ് കുട്ടനാട്ടുകാർ. വെള്ളക്കെട്ടിൽ നട്ടംതിരിയുന്ന, നിലനിൽപ്പിനായി കേഴുന്ന ജനതയ്ക്ക് അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും ഷെൽറ്റർ ഹോമുകൾക്കായി കണ്ടെത്തിയ സ്ഥലങ്ങൾ വെറുതെകിടപ്പുണ്ട്. മുൻ മന്ത്രി തോമസ് ഐസക് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഒരു പദ്ധതിയായിരുന്നു മണൽചാക്കുക‌ൾ അടുക്കിയുള്ള പുറംബണ്ട് നിർമാണം. എന്നാൽ പരീക്ഷണം അപ്പാടെ പാളി. 86 ലക്ഷം രൂപ വെറുതെപോയി. മട ഇപ്പോഴും പൊട്ടുന്നു. വീടുകളിലെ വെള്ളക്കെട്ടിൽ നരകജീവിതം നയിക്കുന്നത് പ്രദേശവാസികളും.

മഹാപ്രളയശേഷമുള്ള മറ്റൊരു വമ്പൻ പ്രഖ്യാപനം പുളിങ്കുന്ന് താലൂക്ക് ആശുപത്രി 150 കോടി മുടക്കി സൂപ്പറാക്കുമെന്നായിരുന്നു. പ്രളയം വന്നാൽ രോഗികളെ മാറ്റാൻ ഹെലികോപ്റ്റർ ഇറങ്ങാൻ വരെ സൗകര്യമുണ്ടാകും. പക്ഷെ വള്ളംതുഴഞ്ഞ് ചികിത്സയ്ക്കെത്തുന്ന കുട്ടനാട്ടുകാരന് മുന്നിൽ ഇപ്പോഴും ആ പഴയ ആശുപത്രി തന്നെ.

ഇനി കുട്ടനാട് പാക്കേജിന്‍റെ കഥ. 1840 കോടിയാണ് ഒന്നാം പാക്കേജിനായി നീക്കിവെച്ചത്. കുറെ കൽക്കെട്ടുകൾ അങ്ങ് ഇങ്ങായി കെട്ടി. ഒന്നും എവിടെയും എത്തിയില്ല. ഇപ്പോൾ സ്വന്തം ചെലവിൽ ചെളി കോരി, ബണ്ടു കെട്ടി, വീടും പാടവും സംരക്ഷിക്കേണ്ട ഗതികേടാണ് ആളുകൾക്ക്.

സമഗ്രമായ രണ്ടാം കുട്ടനാട് പാക്കേജ് വരുമെന്നാണ് മുഖ്യമന്ത്രിയും പുതിയ മന്ത്രിമാരും കുട്ടനാട്ടിലെ ജനപ്രതിനിധികളും ആവർത്തിക്കുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!