
കോട്ടയം: ഓണം പൊന്നോണം ആക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പട്ടിണി വരുന്നു എന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നത്. മലയാളി നല്ല രീതിയിൽ ഓണമുണ്ണും എന്നത് ഈ സർക്കാറിന്റെ ഗ്യാരണ്ടിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലം എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. വി. ഗോവിന്ദൻ.
സർക്കാരിന്റെ പ്രവർത്തനങ്ങളെ ഈ തിരഞ്ഞെടുപ്പിൽ വിലയിരുത്തുന്നതിൽ പ്രയാസം ഇല്ല. കേന്ദ്രം സംസ്ഥാനത്തിനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ അവസ്ഥയാണ്. ഇതിനെ കോൺഗ്രസ് എതിർക്കുന്നില്ലെന്നും വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്ത് തന്നെ മുന്നോട്ട് പോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, സ്വത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് രംഗത്തെത്തി. 2,0798,117 രൂപയാണ് ജെയ്കിന് സമ്പാദ്യമായിട്ടുള്ളത്. പണമായി കൈയിലും ബാങ്കിലുമായി ഉള്ളത് 1,07, 956 രൂപയാണ്. ഭാര്യയുടെ പക്കൽ പണവും സ്വർണവുമായി 5,55,582 രൂപയുമുണ്ട്. അതേസമയം, ബാധ്യതയായി ജെയ്ക്ക് കാണിച്ചിട്ടുള്ളത് 7,11,905 രൂപയാണ്. രാവിലെ മണർകാടുള്ള വീട്ടിൽ നിന്നും കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് ജെയ്ക് ആദ്യം എത്തിയത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കെട്ടിവയ്ക്കാനുള്ള പതിനായിരം രൂപ നൽകി. എം വി ഗോവിന്ദൻ, ഇപി ജയരാജൻ, വിഎൻ വാസവൻ അടക്കം മുതിർന്ന നേതാക്കൾക്ക് ഒപ്പം പ്രകടനമായി കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വരണാധികാരിയുടെ ഓഫീസിലെത്തി നാല് സെറ്റ് പത്രികകൾ സമർപ്പിച്ചു.
https://www.youtube.com/watch?v=hqP_l8Wc2Y4
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam