കെഎസ്ആർടിസി തകരാൻ കാരണം കേന്ദ്രം, സ്വപ്നയുടെ ആരോപണങ്ങൾ അസംബന്ധം: മന്ത്രി എംവി ഗോവിന്ദൻ

Published : Jun 11, 2022, 04:59 PM IST
കെഎസ്ആർടിസി തകരാൻ കാരണം കേന്ദ്രം, സ്വപ്നയുടെ ആരോപണങ്ങൾ അസംബന്ധം: മന്ത്രി എംവി ഗോവിന്ദൻ

Synopsis

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾ ശുദ്ധ അസംബന്ധമെന്ന് അദ്ദേഹം പറഞ്ഞു

കണ്ണൂർ: കെഎസ്ആർടിസി തകരാൻ കാരണം കേന്ദ്രസർക്കാരാണെന്ന് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. കണ്ണൂർ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീസൽ വില വർധനവാണ് കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണം. ഇതിന് കാരണക്കാർ കേന്ദ്രസർക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

  • സരിത്തിന്റെ അറസ്റ്റിന് എന്നോട് ചോദിച്ചിട്ട് എന്താണ് കാര്യം
  • മദ്യ ഉപഭോഗം സംസ്ഥാനത്ത് കുറഞ്ഞു
  • തിരുവല്ലയിലെ പ്ലാന്റിൽ ഒരു കുപ്പി മദ്യത്തിൽ മൂന്നര രൂപ നഷ്ടം

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾ ശുദ്ധ അസംബന്ധമെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് എംആർ അജിത് കുമാറിനെ മാറ്റിയത് സ്വപ്നയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ടല്ല. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മദ്യത്തിന്റെ വില വർധന സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം ആവർത്തിച്ചു.

സ്വപ്ന സുരേഷിന്റെ ആരോപണവും എംആർ അജിത് കുമാറിന്റെ സ്ഥാനമാറ്റവും രണ്ടാണ്. അത് സർക്കാർ സർവീസിന്റെ ഭാഗമായി സിഎം ചെയ്യുന്നതാണ്. ഗൂഢാലോചനയെ കോടിയേരി പറഞ്ഞത് പോലെ ജനങ്ങളെ അണിനിരത്തി നേരിടും. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വരില്ലെന്ന് പറഞ്ഞിട്ടും അധികാരത്തിൽ വന്നല്ലോ. സരിത്തിനെ കസ്റ്റഡിയിലെടുത്തത് എന്നോട് ചോദിച്ചിട്ട് എന്താണ് കാര്യം? ആവശ്യം ഉണ്ടായത് കൊണ്ടാകും കസ്റ്റഡിയിലെടുത്തത്. ഇവരൊക്കെ എത്ര കേസുകളിലാണ് ഉള്ളത്? എന്തെങ്കിലും കാര്യമില്ലാതെ നടപടിയെടുക്കില്ലല്ലോ. കേന്ദ്രം ഇഡിയെ ഉപയോഗിക്കുന്നത് പോലെയല്ല കേരള സർക്കാരിന്റെ അന്വേഷണ ഏജൻസികളോടുള്ള നിലപാട്. അതും ഇതും തമ്മിൽ ഒരു താരതമ്യവുമില്ല. അറസ്റ്റ് ചെയ്യുന്നതിന്റെ ന്യായീകരണം എന്നോട് ചോദിച്ചിട്ട് കാര്യമില്ല. 

വിജ്ഞാനം അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ് വ്യവസ്ഥയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. പണ മൂലധനം കേരളത്തിൽ കുറവാണ്. അപൂർവം ചിലരിലാണ് മൂലധനം കേന്ദ്രീകരിച്ചിരിക്കുന്നത്. അംബാനിയെ കടത്തിവെട്ടി അദാനി ഇന്ത്യയിൽ നിന്നുള്ള വലിയ ധനികനായി. സത്യത്തിൽ ഇത് ഉൽപ്പാദന വിതരണ ഘടനയെ അടിസ്ഥാനപ്പെടുത്തി മിച്ച മൂല്യം അടിസ്ഥാനപ്പെടുത്തിയുണ്ടാക്കിയ തനി കൊള്ളയാണ്. ഇത് സഞ്ജിത മൂലധനമാണ്. ഇത് കട്ടുപറിച്ച് ഉണ്ടാക്കുന്നത്. ഭൂപ്രഭുത്വം അവസാനിപ്പിച്ചത് ജനാധിപത്യ വിപ്ലവമാണ്. പാർലമെന്ററി സംവിധാനത്തിലൂടെയല്ല, ശരിക്കും കൊലപ്പെടുത്തിയാണ് ജനം അത് നേടിയത്.

നമ്മുടെ പൊതുമേഖലാ സ്ഥാപനം വിറ്റുതുലയ്ക്കുന്നു. കടം വാങ്ങിയ തുകയൊന്നും ഇവൻ തിരിച്ചടക്കുന്നില്ല. നമ്മുടെ ചിലവിലാണ് ഇതെല്ലാം നേടുന്നത്. പൊതുമേഖലാ സ്ഥാപനം പോകുന്നു, ബാങ്കിൽ നിന്ന് വാങ്ങിയ പണം പോകുന്നു, ഇതെല്ലാം മറികടക്കാൻ കേന്ദ്രം ബാങ്കിന് പണം കൊടുക്കുന്നു. ഇതാണ് ക്രോണി കാപിറ്റലിസം. ടാറ്റയ്ക്കും ബിർളയ്ക്കും എത്താൻ പറ്റാത്ത ഉയരത്തിലേക്ക് അദാനിയെത്തി. എല്ലാ വിമാനത്താവളങ്ങളും അയാളുടെ പക്കലാണ്.

എയർ ഇന്ത്യയെ ടാറ്റയ്ക്കാണ് കിട്ടിയത്. ആദ്യം ഏറ്റെടുക്കുക, പിന്നീട് വികസിപ്പിച്ച് തിരിച്ച് കൊടുക്കുക എന്ന നയമാണിത്. എയർ ഇന്ത്യ പൊളിഞ്ഞിട്ടില്ല. എയർ ഇന്ത്യക്ക് ആസ്തിയുണ്ട്. എങ്ങിനെയാണ് പൊളിയുന്നത്? ദേശീയപാതയടക്കം എല്ലാം അദാനിക്കാണ്. കെഎസ്ആർടിസി ഇതേവരെ പരാജയമായിട്ടില്ല. ഇപ്പോൾ സാമ്പത്തിക പ്രയാസമുണ്ട്. അതിന് കാരണക്കാർ കേന്ദ്രസർക്കാരാണ്. ശമ്പളം കൊടുക്കാൻ സാധിക്കാത്ത സ്ഥിതിയിലേക്ക് വരുന്നത് 40 ഉം 50 ഉം ഉണ്ടായിരുന്ന ഡീസലിന് നൂറ് രൂപ കടത്തി. കൊള്ളയാണ് നടക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ കൊള്ളയടിക്കുകയാണ്. പണ്ടത്തെ വില തന്നെയാണ് ഡീസലിന് ഇപ്പോഴുമെങ്കിൽ ശമ്പളം കൊടുക്കാനാവും. 

കട്ടപ്പുറത്ത് ഉള്ള ബസ് മാത്രം കണ്ടാൽ പോര. ഇപ്പോൾ ആയിരം ബസുകൾ ഉണ്ടാക്കുന്നുണ്ട്. ഉപയോഗിക്കാൻ പറ്റുന്ന കെഎസ്ആർടിസി ബസെല്ലാം ഉപയോഗിക്കാം. നിശ്ചിത വർഷം ഉപയോഗിച്ച് കഴിഞ്ഞ ബസുകൾ സ്കൂളുണ്ടാക്കാനും ഹോട്ടലുണ്ടാക്കാനും ഉപയോഗിക്കാം. കെഎസ്ഇബിയിലെ ശമ്പളം കുറേക്കാലത്തെ നിലപാടിന്റെ ഭാഗമായി വന്നിട്ടുള്ളതാണ്. സ്വകാര്യ സ്ഥാപനങ്ങളെയും സംസ്ഥാന സർക്കാർ സ്ഥാപനങ്ങളെയും ഒരേ നിലയിൽ കാണരുത്. കെഎസ്ഇബിയിൽ പ്രശ്നം കൃത്യമായി പരിഹരിക്കും. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന് കെഎസ്ആർടിസിയെ പോലെ സർക്കാർ ശമ്പളം കൊടുത്തിട്ടുണ്ടോ? 

മദ്യ ഉപഭോഗം കുറഞ്ഞുകൊണ്ടിരിക്കുന്നു. യുഡിഎഫ് കാലത്തേക്കാളും മദ്യ ഉപഭോഗം എൽഡിഎഫ് കാലത്ത് കുറഞ്ഞു. വാങ്ങൽ ശേഷി കുറഞ്ഞത് കൊണ്ട് കൂടിയാവാം ഇത്. പ്രീമിയം ബ്രാന്റുകൾ തീരാതെ ബാക്കിയായത് കൊണ്ടാണ് അവ പ്രീമിയം സ്റ്റോറുകളിൽ ഉള്ളത്. കുറഞ്ഞ വിലയ്ക്കുള്ള മദ്യം ആവശ്യത്തിന് കിട്ടുന്നില്ല. സർക്കാരിന്റെ തിരുവല്ലയിലെ പ്ലാന്റിൽ ഒരു കുപ്പി മദ്യം ഉണ്ടാക്കുമ്പോൾ മൂന്നര രൂപ നഷ്ടമാണ്. നികുതി കുറയ്ക്കുന്ന കാര്യം ഗൗരവത്തോടെ ആലോചിക്കും. 
 

PREV
Read more Articles on
click me!

Recommended Stories

Malayalam News Live: രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ്: ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ
Kerala Local Body Election 2025 LIVE: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി