
ഇടുക്കി: ഉമ്മൻ ചാണ്ടി അനുസ്മരണത്തിലെ മുദ്രാവാക്യം വിളിയെ ഒറ്റപ്പെട്ട സംഭവം ആയിട്ട് കണ്ടാൽ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതിന് വലിയ ഗൗരവമില്ല. എല്ലാവരും ചേർന്ന് ഉമ്മൻചാണ്ടിയെ അനുസ്മരിച്ചതാണ്. അതിൽ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ആവശ്യമായ എല്ലാ ക്രമീകരങ്ങളും ഒരുക്കും. സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിലെ വനിത അംഗത്തിന്റെ ലൈംഗിക പരാതി പരിശോധിച്ചിട്ട് പറയാമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
ഇന്നലെ കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കാൻ എഴുന്നേറ്റപ്പോഴാണ് സദസിൽ നിന്ന് ഉമ്മൻചാണ്ടി അനുകൂല മുദ്രാവാക്യം വിളി ഉയർന്നത്. ഉമ്മൻചാണ്ടിയെ ഇടതുമുന്നണി വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നായിരുന്നു ഇടതുമുന്നണി കൺവീനർ ഇപി ജയരാജന്റെ പ്രതികരണം. ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ല. തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്കർഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും ഇപി പറഞ്ഞു.
സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ വന്ന പരാതി കൈകാര്യം ചെയ്യുക മാത്രമാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. വേട്ടയാടലിന്റെ രാഷ്ട്രീയം കൂടുതൽ ചേരുന്നത് കോൺഗ്രസിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് കോൺഗ്രസും യുഡിഎഫുമെന്നും ഇപി കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam