സമ്മേളനം നടത്താനെത്തിയ സഖാക്കളെ പൂട്ടിയിട്ടു, ഗുരുതര അച്ചടക്ക ലംഘനം; ഗോവിന്ദൻ്റെ വിമർശനം ജില്ലാ നേതൃത്വത്തിനും

Published : Dec 10, 2024, 04:57 PM IST
സമ്മേളനം നടത്താനെത്തിയ സഖാക്കളെ പൂട്ടിയിട്ടു, ഗുരുതര അച്ചടക്ക ലംഘനം; ഗോവിന്ദൻ്റെ വിമർശനം ജില്ലാ നേതൃത്വത്തിനും

Synopsis

'ജില്ലാ നേതൃത്വം സമയോചിതമായി ഇടപെട്ടില്ല, ഏരിയ കമ്മിറ്റി വിഷയം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു, ഗൗരവ സ്വഭാവത്തോടെ സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചില്ല'

കൊല്ലം: ഇക്കൊല്ലത്തെ സി പി എം ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമിട്ട കൊല്ലം സമ്മേളനത്തിൽ വിഭാഗിയത പ്രശ്നങ്ങൾ തന്നെയാകും ചൂടേറിയ ചർച്ചയാകുകയെന്നാണ് വ്യക്തമാകുക. സംഘടന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി എസ് സുദേവനും കരുനാഗപ്പള്ളി വിഷയം വലിയ തോതിൽ തന്നെ ചൂണ്ടികാട്ടിയിട്ടുണ്ട്. ജില്ലാ നേതൃത്വത്തിന് എതിരെയടക്കം കനത്ത വിമർശനമാണ് സംസ്ഥാന സെക്രട്ടറി ഉന്നയിച്ചത്. കരുനാഗപ്പള്ളിയിലെ പ്രശ്നം പരിഹരിക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് എം വി ഗോവിന്ദൻ ചൂണ്ടികാട്ടി.

കരുനാഗപ്പള്ളിയിൽ ശക്തമായ നടപടിക്ക് സിപിഎം; സൂസൻ കോടിക്കും പിആർ വസന്തനുമെതിരെ തരംതാഴ്ത്തൽ നടപടിക്ക് സാധ്യത

ജില്ലാ നേതൃത്വം സമയോചിതമായി ഇടപെട്ടില്ലെന്നും ഏരിയ കമ്മിറ്റി വിഷയം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി ചൂണ്ടികാട്ടി. എന്നിട്ടും ഗൗരവ സ്വഭാവത്തോടെ സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചില്ലെന്നും ഗോവിന്ദൻ വിവരിച്ചു. സമ്മേളനം നടത്താൻ എത്തിയ നേതാക്കളെ പൂട്ടിയിട്ടത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും സമ്മേളനം നടത്തുന്നതിൽ നേതാക്കൾക്കും വീഴ്ച പറ്റിയെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

നേരത്തെ ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനമാണ് ചൂണ്ടികാട്ടിയത്. കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും കരുനാഗപ്പള്ളിയിലെ വിഭാഗീയതയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ മറ്റ് പലയിടങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉടലെടുത്തുവെന്നും പ്രവർത്തന റിപ്പോർട്ടിലുണ്ട്. കുലശേഖരപുരം സൗത്ത് ലോക്കൽ സമ്മേളനത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. പൊടിപ്പും തൊങ്ങലും ഉള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പ്രശ്നങ്ങൾ സൃഷ്ടിച്ചവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും സി പി എം ജില്ലാ സെക്രട്ടറി എസ് സുദേവൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി അടക്കം എത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് എന്ന് നിർദ്ദേശിച്ചതാണ്. എന്നാൽ നേതാക്കളും പ്രവർത്തകരും ചേരിതിരിഞ്ഞ് മത്സരിച്ചു. നേതൃത്വത്തെ അവഗണിക്കാനും അംഗീകാരമുള്ള നേതാക്കളെ ദുർബലപ്പെടുത്താൻ ഉള്ള നീക്കമാണ് കരുനാഗപ്പള്ളി ലോക്കൽ സമ്മേളനങ്ങളിൽ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ടിൽ മേലുള്ള ചർച്ച വൈകിട്ടാണ് ആരംഭിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി