ഇടനിലക്കാരനെ വിട്ടത് പാര്‍ട്ടി സെക്രട്ടറിയെന്ന് സ്വപ്ന; ആരോപണത്തോട് പ്രതികരിക്കാതെ എംവി ഗോവിന്ദൻ

Published : Mar 09, 2023, 09:28 PM IST
ഇടനിലക്കാരനെ വിട്ടത് പാര്‍ട്ടി സെക്രട്ടറിയെന്ന് സ്വപ്ന; ആരോപണത്തോട് പ്രതികരിക്കാതെ എംവി ഗോവിന്ദൻ

Synopsis

മുഖ്യമന്ത്രിയേയും പാർടിയേയും പ്രതിക്കൂട്ടിലാക്കിയാണ് സ്വർണക്കളളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തൽ.

കൊച്ചി : ഇടനിലക്കാരൻ മുഖേനെ സ്വര്‍ണ്ണക്കടത്ത് കേസിലെ ഒത്തുതീര്‍പ്പിന് വേണ്ടി സമീപിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തോട് പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒന്നും പറയാനില്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് എംവി ഗോവിന്ദന്റെ മറുപടി. സിപിഎം ജാഥ നടക്കുന്നതിനിടെയാണ് ജാഥാ ക്യാപ്റ്റൻ കൂടിയായ എംവി ഗോവിന്ദനെതിരെ ആരോപണം ഉന്നയിക്കപ്പെടുന്നത്. നാളെ അദ്ദേഹം വിഷയത്തിൽ എന്തു പറയുമെവെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. 

മുഖ്യമന്ത്രിയേയും പാർടിയേയും പ്രതിക്കൂട്ടിലാക്കിയാണ് സ്വർണക്കളളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തൽ. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള  തന്നെ സമീപിച്ചെന്നാണ് സ്വപ്നയുടെ ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദൻ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നുമാണ് സ്വപ്ന പറയുന്നത്. ബംഗലൂരുവിലുളള സ്വപ്ന സുരേഷ്  ഫേസ് ബുക് ലൈവിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

'വിജേഷ് പിള്ളയെ തേടി ഇഡി ഉദ്യോഗസ്ഥ‍ര്‍ തിങ്കളാഴ്ച തന്നെ സമീപിച്ചിരുന്നു', വിശദീകരിച്ച് കൊച്ചിയിലെ കെട്ടിട ഉടമ

വിജയ് പിളള എന്ന് പരിചയപ്പെടുത്തിയാണ് കണ്ണൂർ സ്വദേശി തന്നെ സമീപിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ തന്‍റെ പക്കലുളള തെളിവുകൾ കൈമാറണമെന്നാവശ്യപ്പെട്ടു. പ്രതിഫലമായി 30 കോടി രൂപവരെ വാഗ്ദാനം ചെയ്തു. പണവും വാങ്ങി എത്രയും വേഗം ഹരിയാനയിലേക്കോ ജയ്പൂരേക്കോ പൊയ്ക്കൊളളണം. രാജ്യം വിടാനാണെങ്കിൽ വ്യാജ പാസ്പോർടും വിസയും നൽകാമെന്നുമായിരുന്നു വാഗ്ധാനം. തെളിവുകൾ കൈമാറി സ്ഥലം വിട്ടില്ലെങ്കിൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് ഇതിന് പിന്നിലെന്നും വ്യവസായി യൂസഫലിയെപ്പറ്റിയും വിജയ് സംസാരിച്ചുവെന്നും സ്വപ്ന പറയുന്നു. വിമാനയാത്രയ്ക്കിടെ നിരോധിത വസ്തുക്കൾ ബാഗിൽവെച്ച് അഴിക്കുളളിലാക്കാനും മടിക്കില്ല. അതുകൊണ്ടാണ് മര്യാദയ്ക്ക് കിട്ടുന്ന പണവും വാങ്ങി അപ്രത്യക്ഷയാകണം എന്നാണ് ആവശ്യപ്പെട്ടതെന്നും സ്വപ്ന വ്യക്തമാക്കി. ഭീഷണിയുടെ പശ്ചാത്തലത്തിൽ കർണാടക പൊലീസിനും എൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റിനും ഇടനിലക്കാരന്റെ ചിത്രമടക്കം സ്വപ്ന സുരേഷ് പരാതി നൽകി. 

'ഒത്തുതീ‍ര്‍പ്പിന് 30 കോടി വാഗ്ദാനം, തെളിവ് കൈമാറണമെന്നാവശ്യം, വധഭീഷണി, ഇടനിലക്കാരൻ വിജയ് പിള്ള' : സ്വപ്ന


 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ