
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ മടക്കിയ ചേർപ്പ് പുള്ളിലെ കൊച്ചു വേലായുധന് സിപിഎം നിർമിച്ച വീടിന്‍റെ താക്കോൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറി. ഇന്ന് ഉച്ചയ്ക്കുശേഷം നടന്ന ചടങ്ങിലാണ് എംവി ഗോവിന്ദൻ കൊച്ചുവേലായുധന് വീടിന്‍റെ താക്കോൽ കൈമാറിയത്. ഇന്ന് സുഖമായി കിടന്നുറങ്ങുമെന്നായിരുന്നു താക്കോൽ വാങ്ങിയശേഷം കൊച്ചുവേലായുധൻ സന്തോഷത്തോടെ പ്രതികരിച്ചത്. വീട് നിര്‍മിച്ച് നൽകിയതിൽ വലിയ സന്തോഷമുണ്ടെന്നും കൊച്ചുവേലായുധനും കുടുംബവും പ്രതികരിച്ചു. സിപിഎം ചേർപ്പ് ഏരിയയിലെ അംഗങ്ങൾ സമാഹരിച്ച പണം കൊണ്ടാണ് വീട് നിർമിച്ചത്. പതിനൊന്നര ലക്ഷം രൂപയ്ക്കാണ് വീട് നിർമിച്ചത്. 75 ദിവസം കൊണ്ടാണ് വീട് നിർമാണം പൂർത്തിയാക്കിയത്.
സുരേഷ് ഗോപിയുടെ അവഗണനയുടെ പശ്ചാത്തലത്തിലാണ് വീട് നിര്‍മിച്ചു നൽകാൻ സിപിഎം തീരുമാനിച്ചതെന്നും നിരവധി വീടുകളാണ് പാര്‍ട്ടി പാവപ്പെട്ടവര്‍ക്കായി നിര്‍മിച്ചു നൽകുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പൂക്കൽ നൽകിയാണ് വേലായുധന്‍റെ കുടുംബം താക്കോൽ വിതരണ ചടങ്ങിനെത്തിയ എംവി ഗോവിന്ദനെയും സിപിഎം പ്രവര്‍ത്തകരെയും സ്വീകരിച്ചത്.
2023ലാണ് തെങ്ങ് വീണ് കൊച്ചുവേലായുധന്‍റെ വീട് തകർന്നത്. പലരെയും സമീപിച്ചെങ്കിലും വീടിനായി സഹായം ലഭിച്ചില്ല. തുടര്‍ന്നാണ് ജനകീയ വിഷയങ്ങളിൽ ഇടപെടാനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന കലുങ്ക് സൗഹാര്‍ദ വികസന സംവാദ പരിപാടിയിൽ കൊച്ചുവേലായുധൻ എത്തിയത്. തൃശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളിൽ സംവാദം നടക്കുമ്പോഴാണ് കൊച്ചുവേലായുധൻ കവറില്‍ അപേക്ഷയുമായി വന്നത്. കവര്‍ സുരേഷ് ഗോപിക്ക് നേരെ നീട്ടിയപ്പോള്‍. ഇതൊന്നും എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തില്‍ പറയുവെന്ന മറുപടിയാണ് സുരേഷ് ഗോപി നൽകിയത്. ബിജെപി ഭരിക്കുന്ന പഞ്ചായത്തിൽ മാത്രമാണോ എംപി ഫണ്ട് എന്ന് ചോദ്യം പിന്നാലെ ആൾക്കൂട്ടത്തിൽ നിന്ന് ഉയർന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ വലിയ വിവാദമായിരുന്നു.
നിരാശയോടെ കൊച്ചുവേലായുധൻ മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. സംവാദം നടക്കുന്ന ആല്‍ത്തറയില്‍ സുരേഷ് ഗോപിയുടെ അടുത്ത് ഇരിക്കുന്ന ആളിന്‍റെ കൈയിലും ഒരു കവര്‍ ഉണ്ടായിരുന്നു. ഇത് കേട്ടതോടെ അദ്ദേഹം കവര്‍ പിന്നില്‍ ഒളിപ്പിച്ചു. ഇതിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. പരാതി എന്താണ് എന്ന് നോക്കാമായിരുന്നുവെന്നും പ്രായത്തെ എങ്കിലും മാനിക്കാമായിരുന്നുവെന്നുമടക്കമുള്ള പ്രതികരണങ്ങളും ഉണ്ടായി. ഇതിനുപിന്നാലെയാണ് കൊച്ചുവേലായുധന് വീട് നിർമിച്ചുനൽകുമെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ അറിയിച്ചത്. പ്രദേശത്തെ സിപിഎം പ്രവർത്തകരാണ് വീട് നിർമാണത്തിനുള്ള പണം സ്വരൂപിച്ചത്. തകർന്ന ഒറ്റമുറി വീട്ടിൽ നിന്നാണ് പുതിയ വീടിന്‍റെ സുരക്ഷിതത്വത്തിലേക്ക് കൊച്ചുവേലായുധനും കുടുംബവും മാറുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam