
കൊല്ലം: കരുനാഗപ്പള്ളിയിൽ കുലശേഖരപുരം ലോക്കൽ സമ്മളനത്തിലുണ്ടായ സംഘര്‍ഷത്തിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റായ പ്രവണതകൾ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ല. തെറ്റ് ഉണ്ടാകുന്നതല്ല അത് കൈകാര്യം ചെയ്യുന്നത് എങ്ങനെ എന്നാതാണ് പ്രധാനം. സംഘടനാ തലത്തിൽ തന്നെ നടപടി ഉറപ്പാക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കരുനാഗപ്പള്ളിയിൽ ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിന് പിന്നാലെയാണ് സേവ് സിപിഎം പ്ലക്കാർഡുകളുമായി വിമത വിഭാഗം തെരുവിലേക്ക് പ്രതിഷേധവുമായി എത്തിയത്. ക്രിമിനലുകളെ അടക്കം കമ്മിറ്റികളിൽ തിരുകി കയറ്റിയെന്നും മുതലാളി സഖാക്കൻമാരുടെ കയ്യിലാണ് കരുനാഗപ്പള്ളിയിലെ പാർട്ടിയെന്നും പ്രതിഷേധക്കാർ പറഞ്ഞു. കയ്യാങ്കളിയിലേക്ക് വരെ കടന്ന വിഭാഗീയതയിൽ ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ കടുത്ത അതൃപ്തിയിലാണ്. ഇത് സാക്ഷ്യപ്പെടുത്തുന്നതാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കൽ സമ്മേളനങ്ങളും തർക്കത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിലേക്ക് പോയതോടെ ഇന്നലെ നടന്ന കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനം കയ്യാങ്കളി വരെയെത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ് എന്നിവരെ അടക്കം തടഞ്ഞുവെച്ചു. സമ്മേളനത്തിൽ ഔദ്യോഗിക പാനൽ തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം പി ആർ വസന്തൻ നേതൃത്വം നൽകുന്ന മാഫിയ കരുനാഗപ്പള്ളിയിലെ പാർട്ടിയെ തകർത്തെന്ന് വിമത വിഭാഗം ആരോപിക്കുന്നു.
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിക്കൊപ്പമുള്ളവരും പി.ആർ.വസന്തനെ അനുകൂലിക്കുന്നവരുമാണ് വിഭാഗീയതയുടെ രണ്ട് വശങ്ങളിലുള്ളത്. ലോക്കൽ കമ്മിറ്റികളിൽ ഭൂരിഭാഗവും വസന്തൻ വിഭാഗത്തിൻ്റെ കയ്യിലാണ്. കമ്മിറ്റികളിലെ ആധിപത്യം ഉറപ്പിക്കലാണ് തർക്കങ്ങൾക്ക് അടിസ്ഥാനം. കരുനാഗപ്പള്ളിയിൽ പലയിടങ്ങളിലും സേവ് സിപിഎം എന്ന പേരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. വിഭാഗീയതയും പ്രതിഷേധങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. എന്നാൽ സംസ്ഥാന സമ്മേളനം നടക്കേണ്ട ജില്ലയിൽ തിടുക്കപ്പെട്ട് അച്ചടക്ക നടപടി വേണ്ടെന്നും അഭിപ്രായമുണ്ട്. സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം അനുസരിച്ചാകും തുടർ നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam