
എറണാകുളം: പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി വിലക്കിയെന്ന വാര്‍ത്ത പരോക്ഷമായി സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അത് പാർട്ടിയുടെ സംഘടനപരമായ തീരുമാനമാണ്. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും അംഗമായിരുന്നു .75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ് കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സെൻട്രൽ കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
75 വയസ്സ് പ്രായപരിധി കർശനമാക്കിയപ്പോഴാണ് പികെ ശ്രീമതി സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവായത്. എന്നാൽ മധുര പാർട്ടി കോൺഗ്രസ് ശ്രീമതിക്ക് പ്രായപരിധി ഇളവ് അനുവദിച്ച് കേന്ദ്ര കമ്മിറ്റി അംഗമാക്കി നിലനിർത്തി. മഹിള അസോസിയേഷൻ പ്രസിഡന്‍റ് എന്ന നിലയിലാണ് ഇളവ്. സംഘടനാ രീതിപ്രകാരം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ കീഴ് കമ്മിറ്റികളിൽ പങ്കെടുക്കുന്നതാണ് രീതി. ഇതനുസരിച്ചാണ് ഇക്കഴിഞ്ഞ 19 ന് എകെജി സെന്‍റിൽ ചേർന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശ്രീമതി എത്തിയത്. എന്നാൽ യോഗം തുടങ്ങിയപ്പോൾ പ്രായപരിധി ഇളവ് നൽകിയത് കേന്ദ്ര കമ്മിറ്റി മാത്രമാണെന്നും സംസ്ഥാനത്ത് ഇളവില്ലാതെ സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനാകില്ലന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അഖിലേന്ത്യാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമിരിക്കെയാണ് മുഖ്യമന്ത്രി നിലപാടറയിച്ചത്. മറ്റാരും ഇതേക്കുറിച്ച് പ്രതിരണമൊന്നും നടത്തിയില്ല. അന്ന് യോഗത്തിൽ തുടർന്ന ശ്രമീതി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന സെക്രട്ടറിയേറ്റിൽ നിന്ന് വിട്ട് നിന്നു.വിലക്ക് ഏർപ്പെടുത്തിയ വാർത്ത പുറത്ത് വന്നതോടെ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും പികെ ശ്രീമതി ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.