അമ്പലങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണം, മലബാറിൽ ന്യൂനപക്ഷ വോട്ട് ഏകീകരണം പ്രത്യാഘാതം ഉണ്ടാക്കും: എംവി ഗോവിന്ദൻ

Published : Jul 10, 2024, 12:06 PM ISTUpdated : Jul 17, 2024, 01:48 PM IST
അമ്പലങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണം, മലബാറിൽ ന്യൂനപക്ഷ വോട്ട് ഏകീകരണം പ്രത്യാഘാതം ഉണ്ടാക്കും: എംവി ഗോവിന്ദൻ

Synopsis

ഇന്നല്ലെങ്കിൽ നാളെ വിശ്വാസികളുടെ കൈയ്യിൽ ആരാധനാലയങ്ങൾ വരണമെന്ന് തന്നെയാണ് സിപിഎം നിലപാടെന്നും എംവി ഗോവിന്ദൻ

കോഴിക്കോട്: സംസ്ഥാനത്ത് പലയിടത്തും എൽഡിഎഫ് വോട്ടുകൾ ബിജെപിക്ക് അനുകൂലമായി ചോര്‍ന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജയവും തോൽവിയും ഇടകലർന്ന് തന്നെയാണ് ഇടതുപക്ഷം മുന്നോട്ട് പോയിട്ടുള്ളതെന്നും ഇപ്രാവശ്യം ഘടകങ്ങൾ അനുകൂലമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മലബാറിലെ മുസ്ലിം വോട്ട് ഏകീകരണം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളോട് ഒപ്പം നിൽക്കുന്ന നിലപാടാണ് സിപിഎമ്മിന്. അവിശ്വാസികൾക്കൊപ്പവും നിൽക്കും. രണ്ടു കൂട്ടർക്കും ജനാധിപത്യ അവകാശങ്ങൾ ഉണ്ട്. വിശ്വാസികൾ വർഗീയവാദികളല്ല. വര്‍ഗീയവാദി വിശ്വാസിയുമല്ല. വർഗീയതയെ പ്രതിരോധിക്കാൻ വിശ്വാസികളാണ് നല്ലത്. ക്ഷേത്രങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണം. വിശ്വാസത്തെ ഉപകരണമാക്കുന്ന ആർഎസ്എസല്ല ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. ഇന്നല്ലെങ്കിൽ നാളെ വിശ്വാസികളുടെ കൈയ്യിൽ ആരാധനാലയങ്ങൾ വരണമെന്ന് തന്നെയാണ് സിപിഎം നിലപാടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

കഴിഞ്ഞ തവണ ബിജെപിയെ താഴെ ഇറക്കാൻ കോൺഗ്രസ് മാത്രമേയുള്ളൂവെന്ന പ്രചാരണം തിരിച്ചടിയായി. ഇക്കുറി ഇന്ത്യ ബ്ലോക്ക്‌ ജയിക്കണം എന്ന് അടുത്ത സംസ്ഥാനങ്ങളിൽ സിപിഎം പ്രചാരണം നടത്തി. 52 സീറ്റുകളിൽ മത്സരിക്കുന്ന സിപിഎമ്മും ചുരുങ്ങിയ സീറ്റുകളിൽ മത്സരിക്കുന്ന സിപിഐയും ജയിച്ചാൽ ഇപ്പോളത്തെ  രാഷ്ട്രീയ സാഹചര്യത്തിന് മാറ്റം വരുമോയെന്ന് ന്യൂനപക്ഷങ്ങൾ അടക്കം ചിന്തിച്ചു. ഇപ്പോഴത്തെ അപകടത്തെ നേരിടാൻ കോൺഗ്രസാണ് നല്ലതെന്ന് ന്യൂനപക്ഷങ്ങൾ ചിന്തിച്ചു. അതാണ് അവര്‍ക്ക് കേരളത്തിൽ നേട്ടമായതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ വടകരയിലും കോഴിക്കോടും അവര്‍ക്ക് (യുഡിഎഫിന്) ഭൂരിപക്ഷം ഒരു ലക്ഷം കടന്നത് എങ്ങനെയാണെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. പ്രബലമായി പ്രവർത്തിക്കുന്ന ന്യൂനപക്ഷ വർഗീയ പ്രസ്ഥാനങ്ങൾ മലബാറിലുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ വനിതകൾ നന്നായി ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിവുള്ളവരാണ്. അവർ യുഡിഎഫുമായി ചേർന്ന് പ്രവർത്തിച്ചു. അതാണ് മലബാറിൽ യുഡിഎഫിന് ഇത്ര നേട്ടമായത്. മുസ്ലിം വോട്ടുകൾ ഏകീകരിപ്പിക്കാൻ അവർ ഇടപെട്ടു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. വർഗീയ ശക്തികളെ ഏകോപിപ്പിച്ചു മുന്നോട്ട് പോകാൻ തന്നെയാണ് ലീഗ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി തൃശൂർ ജയിച്ചതാണ് ഗൗരവമുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു. തൃശ്സൂരിൽ കോൺഗ്രസിൻ്റെ 86000 വോട്ട് കാണാനില്ല. ക്രിസ്ത്യാനികളിൽ ഒരു പങ്ക് പല കാരണങ്ങൾ കൊണ്ട് ബിജെപിക്ക് അനുകൂലമായി. ക്രിസ്ത്യൻ വോട്ട് ഭൂരിഭാഗവും യുഡിഎഫിന് അനുകൂലമായാണ് ഉണ്ടാവാറുള്ളത്. എൽഡിഎഫ് വോട്ടും ചോർന്നു. പരമ്പരഗത വോട്ടുകളാണ് ചോർന്നത്. കേരളത്തിൽ എൽ.ഡി.എഫ് വോട്ടുകൾ പലയിടത്തും ചോർന്നത് ബിജെപിക്ക് അനുകൂലമായാണ്. പരമ്പരാഗത വോട്ടുകളടക്കം ചോർന്നു. കുറച്ച് വോട്ട് യു.ഡി.എഫിലേക്കും പോയി.

പിണറായിയെ രാഷ്ട്രീയ ലക്ഷ്യം വെച്ച് വേട്ടയാടുകയാണെന്ന് പറഞ്ഞ എംവി ഗോവിന്ദൻ, അതിനെ പ്രതിരോധിക്കുമെന്നും പറഞ്ഞു. കമ്പനികൾ തമ്മിലുള്ള കേസുകൾ കമ്പനി നോക്കട്ടെ. പിണറായിക്കെതിരെ ഒരു കേസ് പോലും ഇപ്പോൾ ഇല്ല. സഖാക്കൾ തിരുത്തലുകൾ വരുത്തണം. മുതലാളിത്ത സമൂഹത്തിന്റെ ജീർണ്ണത സിപിഎം പ്രവ‍ര്‍ത്തകരിലേക്ക് അരിച്ചരിച്ചു വരാൻ സാധ്യത ഉണ്ട്, ഫലപ്രദമയ ശുദ്ധീകരണം നടത്തണം. ഫലപ്രദമായ ഇടപെടലുകൾ വേണം. അടിസ്ഥാന ജന വിഭാഗങ്ങൾക്ക് അതൃപ്തി ഉണ്ടാക്കിയ എല്ലാ നടപടികളും തിരുത്തണം. സർക്കാർ മുൻഗണന തീരുമാനിക്കണം. മുൻഗണന എന്തിനാണെന്ന് തീരുമാനിച്ച് നടപ്പാക്കണം. പെൻഷൻ നൽകണം. ആനുകൂല്യങ്ങൾ നൽകണം. കുടിശിക ഉൾപ്പടെ കൊടുത്തു തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രമോദ് കോട്ടുളി വിഷയത്തിൽ പാര്‍ട്ടി നടപടിയെടുത്തത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. നടപടി വെറുതെ എടുക്കില്ലല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള മറുപടി. പാർട്ടി ആവശ്യമായ പരിശോധന നടത്തിയെന്നും നടപടിയ്ക്കുള്ള കാരണം മാധ്യമങ്ങളോട് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം ഇക്കാര്യം പാര്‍ട്ടിക്ക് പുറത്ത് പറയേണ്ടതില്ലെന്നും പറഞ്ഞു.

പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയെ ഉൾപ്പെടെ പാർട്ടിയിലേക്ക് എടുത്ത സംഭവത്തെയും പാര്‍ട്ടി സെക്രട്ടറി ന്യായീകരിച്ചു. ആര്‍എസ്എസിൻ്റെ തനി സ്വരൂപങ്ങളാണ് പാര്‍ട്ടിയിലേക്ക് വരുന്നതെന്നും അവരെ സംസ്കരിക്കണമെന്നും പറഞ്ഞ അദ്ദേഹം ഇവരെ കമ്യൂണിസ്റ്റുകളാക്കി മാറ്റാൻ സമയമെടുക്കുമെന്നും പറഞ്ഞു. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചവരും പാര്‍ട്ടിയുടെ ഭാഗമാകുന്നുണ്ടെന്നും തിരുത്താൻ തയ്യാറായാൽ ആരെയും പാർട്ടിയുടെ ഭാഗമാക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു. തിരുവല്ലയിൽ പീഡനക്കേസ് പ്രതി സി.സി സജിമോനെ തിരിച്ചെടുത്ത സംഭവത്തിൽ സംഘടനാ നടപടി ഉണ്ടായാൽ തിരുത്തി അത്തരക്കാരെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരുമെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി
ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'