
ആലപ്പുഴ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് അസത്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശബരിമല അയ്യപ്പൻ്റെ ഒരു തരി സ്വർണം നഷ്ടപ്പെട്ടു കൂടാ എന്നതാണ് നിലപാടെന്നും സ്വർണക്കൊള്ളയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് എൽഡിഎഫ് മുമ്പും ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്ഐടി അന്വേഷിക്കട്ടെ. ആരാണ് ഉത്തരവാദി എന്ന് കണ്ടുപിടിക്കുകയും അവർക്ക് തക്കതായ ശിക്ഷ നൽകുകയും വേണം. ഒരാളെയും സംരക്ഷിക്കാൻ എൽഡിഎഫില്ല. പാർട്ടി ചുമതലകളിൽ ഉള്ളവർ സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടാൽ മടികൂടാതെ നടപടിയെടുക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന പോലെ ഞങ്ങൾ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തദ്ദേശ സ്ഥാപനങ്ങളുടെ വികസന കാര്യത്തിൽ യുഡിഎഫിനും ബിജെപിക്കും ഒന്നും പറയാനില്ലെന്നും പ്രത്യേക രാഷ്ട്രീയ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബിജെപി- ആർഎസ്എസ് വർഗീയ ധ്രുവീകരണം ലക്ഷ്യമിടുകയാണ്. രാമക്ഷേത്ര ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തത് വർഗീയ അജണ്ടയാണ്. സനാതന ധർമത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഗാന്ധി ആത്മഹത്യ ചെയ്തു എന്നാണ് ഗുജറാത്തിൽ കുട്ടികളെ പഠിപ്പിക്കുന്നത്. ഗാന്ധിയെ കൊന്നത് ഹിന്ദു വർഗീയ വാദികളാണ്. അതിന് ഉപയോഗിച്ച ഒരു ഉപകരണം മാത്രമാണ് ഗോഡ്സേ. ഈ ചരിത്രത്തെ മറക്കാനാണ് ആർഎസ്എസിന്റെ ശ്രമമെന്നും ഇതുവഴി രാജ്യത്തെ പിന്നോട്ടടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക രാഷ്ട്രത്തിനായി ജമാഅത്ത ഇസ്ലാമി കേരളത്തിലും പ്രവർത്തിക്കുന്നുണ്ട്. മുസ്‌ലിം സ്വാധീനം അവർക്കില്ല. വിദ്യാഭ്യാസമുള്ളവരെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ്. ന്യൂനപക്ഷ വർഗീയത വളർത്തുന്നത് യുഡിഎഫാണ്. കോൺഗ്രസിന്റെ ഈ കൂട്ടുകെട്ട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.