
കൊച്ചി: യുവതിയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉടൻ രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഹുൽ എംഎൽഎ സ്ഥാനത്ത് ഒരു നിമിഷം പോലും ഇരിക്കരുതെന്നും പരാതികൾ ഇനിയും വരുമെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും കാലം പരാതി ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തെളിവുകൾ ഉൾപ്പെടെയാണ് ആളുകൾ വരുന്നത്. കോൺഗ്രസ് രാഹുലിനെ സസ്പെൻഡ് ചെയ്തു എന്ന് പറയുന്നത് വെറുതെയാണ്. ഇപ്പോഴും രാഹുൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തുകയാണ്. ഒരാളും രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎയായി ഇനി അംഗീകരിക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. യുവതി പീഡന പരാതി നൽകിയതിന് പിറകെയാണ് എംവി ഗോവിന്ദൻ്റെ പ്രതികരണം.
അതേസമയം, യുവതിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യത്തിനുള്ള നീക്കം നടത്തുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മുൻകൂർ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവർ പരിശോധിക്കുന്നത്. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചർച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകർപ്പും കേസിന്‍റെ സ്വഭാവവും പരിഗണിച്ചശേഷം തുടർ നടപടി ആലോചിക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയ്ക്ക് ശേഷമാണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.
മുഖ്യമന്ത്രിക്ക് യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം. ഏറെ നാളത്തെ ആരോപണങ്ങൾക്കിടെ ഇന്നാണ് വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകിയത്. നേരിട്ടെത്തിയാണ് പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. ഉച്ചയോടെയാണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.