
കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച യുഡിഎഫ് നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മോദിയെ പുകഴ്ത്തിക്കൊണ്ട് ബിജെപിയിലേക്ക് വിസ കാത്തിരിക്കുകയാണ് അബ്ദുള്ളക്കുട്ടിയെന്ന് എം വി ജയരാജൻ പരിഹസിച്ചു.
ഗാന്ധിക്ക് പകരം ഗോഡ്സയുടെ മൂല്യങ്ങളാണ് ബിജെപി പിന്തുടരുന്നത്. കോൺഗ്രസ് നേതാക്കളുടെ മനസ്സിലിരിപ്പാണ് അബ്ദുള്ളക്കുട്ടിയുടെ പുറത്തുവന്നതെന്നും എം വി ജയരാജൻ കുറ്റപ്പെടുത്തി.
നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടി കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്‍റെ ഭരണത്തിൽ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്‍റെ മുഖം ഓർമ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിർവ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.
എന്നാൽ അബ്ദുള്ളക്കുട്ടിയുടെ മോദി പരാമർശനത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് അബ്ദുള്ളക്കുട്ടി ഇത്തരം പരാമർശം നടത്തുന്നതെന്നായിരുന്നു ഡീൻ കുര്യാക്കോസിന്‍റെ പ്രതികരണം.
മോദിയെക്കുറിച്ചുള്ള പരാമർശം വിവാദമായതോടെ സംഭവം രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അബ്ദുള്ളക്കുട്ടിയും വ്യക്തമാക്കി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam