
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരായ പരാമർശത്തിൽ രമേശ് ചെന്നിത്തലക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജൻ. ആര്യ കോഴിക്കോടേക്ക് താമസം മാറ്റുന്നത് നന്നായെന്നും അങ്ങനെയെങ്കിലും പാർട്ടിക്ക് രണ്ട് വോട്ട് അധികം കിട്ടട്ടെയെന്ന് കരുതിക്കാണും എന്നായിരുന്നു ചെന്നിത്തലയുടെ പ്രസംഗം. ഇത് തീർത്തും അപക്വമായിപ്പോയെന്ന് എംവി ജയരാജൻ കുറ്റപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുന്ന ഇടമാണ് തിരുവനന്തപുരം കോർപറേഷൻ. ഇവിടെ സ്ഥാനമൊഴിയുന്ന മേയർ ആര്യാ രാജേന്ദ്രനെ കേന്ദ്രീകരിച്ചാണ് പ്രതിപക്ഷത്തിൻ്റെ രാഷ്ട്രീയ പ്രചാരണം നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയോടെ പദവിയിലെത്തിയ ആര്യ രാജേന്ദ്രൻ്റെ കാലത്ത് നഗരത്തിൽ ദുർഭരണം നടന്നുവെന്നാണ് വിമർശനം. ആര്യാ രാജേന്ദ്രൻ കോഴിക്കോടേക്ക് താമസം മാറ്റുന്നുവെന്ന വാർത്ത കൂടി വന്നതിൻ്റെ അടിസ്ഥാനത്തിൽ ഇക്കാര്യം കൂടി പരാമർശിച്ചാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രസംഗത്തിൽ പരിഹസിച്ചത്.
മുതിർന്ന കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തലയുടെ ആര്യാരാജേന്ദ്രനെതിരായ പ്രസ്താവന തീർത്തും അപക്വമായിപ്പോയെന്നത് പറയാതെവയ്യ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാരാജേന്ദ്രൻ. ആ ചരിത്രം ഇനി ആർക്കും തിരുത്താൻ കഴിയില്ല. മികച്ച മേയർക്കുള്ള പുരസ്‌ക്കാരമുൾപ്പടെ നേടിയാണ് അവർ കോർപ്പറേഷൻ മേയർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. അങ്ങനെയുള്ള ഒരു സഹോദരിയുമായി ബന്ധപ്പെടുത്തി എന്തെങ്കിലും പറയുന്നുവെങ്കിൽ , പൊതുരംഗത്ത് കൂടുതൽ ശക്തമായി ഇടപെടണമെന്ന ഡയലോഗ് ആയിരുന്നു മുതിർന്ന നേതാവ് എന്ന നിലയിൽ ചെന്നിത്തലയിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ, തിരുവനന്തപുരത്ത് ആര്യാ രാജേന്ദ്രനെ ഭയക്കുന്ന കോൺഗ്രസ് നേതാവിന്റെ മുഖമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പ്രതിഫലിച്ചത്.
ബിഹാറിലും കോൺഗ്രസ് തകർന്നപ്പോൾ, കോൺഗ്രസിന് പത്തുവോട്ട് കിട്ടാൻ AICC നേതൃത്വത്തിൽ നിന്നും ചിലർ മാറേണ്ടതുണ്ടെന്ന സോഷ്യൽ മീഡിയ ചർച്ചയ്ക്കൊപ്പമാണോ ചെന്നിത്തല എന്നത് അറിയില്ല. ഈ ഘട്ടത്തിൽ ആര്യയ്‌ക്കെതിരെ അതേചർച്ച ചെന്നിത്തല ഉയർത്തിയത് നേരിട്ടല്ലാതെ കോൺഗ്രസ് നേതൃത്വത്തിലെ ചില നേതാക്കൾക്കുള്ള മറുപടിയാണെന്ന് കരുതണം.
ആൺകുട്ടികളുടെ സർക്കാർ വരുമെന്ന് പ്രഖ്യാപിച്ച് വനിതകളെയാകെ അവഹേളിച്ചത് മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവാണ്. വനിതകളുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയാൻ കോൺഗ്രസിനെ ജനങ്ങൾ വെല്ലുവിളിക്കുന്ന സ്ഥിതിപോലും ഉണ്ടായി. കോവിഡ്ഘട്ടത്തിൽ കേരളത്തിലുള്ളവരുടെയാകെ ജീവൻ രക്ഷിക്കാൻ ആരോഗ്യപ്രവർത്തകർക്ക് നേതൃത്വമായി പ്രവർത്തിച്ച് ലോകം പ്രകീർത്തിച്ച മാതൃകാ പ്രവർത്തനം ഏറ്റെടുത്ത ശൈലജ ടീച്ചറെ ചില പദപ്രയോഗത്താൽ അവഹേളിക്കാൻ ശ്രമിച്ചത് വേറൊരു മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു. എൽ.ഡി.എഫിലെപ്പോലെ യുവജനങ്ങൾക്ക് തെരഞ്ഞെടുപ്പിൽ പ്രാധാന്യം നൽകുന്നതും, ഇതിനോടകം മികച്ച മാതൃക സൃഷ്ടിച്ച ആര്യാ രാജേന്ദ്രനെപ്പോലുള്ളവർ നടത്തിയ മാതൃകാ പ്രവർത്തനം നാട്ടി അംഗീകരിക്കുന്നതും, യൂത്ത് കോൺഗ്രസ് ഉയർത്തിക്കാട്ടിയാൽ വർഷങ്ങളായി ചിലമണ്ഡലങ്ങൾ കുത്തകയാക്കിയ കോൺഗ്രസ് നേതാക്കൾക്കത് ഭീഷണിയാകുമെന്ന ചിന്തയാണോ ഇത്തരം അപക്വ പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കേണ്ടത് ചെന്നിത്തല തന്നെയാണ്.