
പയ്യന്നൂര്‍: സിപിഎം ഫണ്ട് വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ നീക്കം ഫലം കണ്ടില്ല. എം വി ജയരാജൻ കുഞ്ഞികൃഷ്ണന്‍റെ വീട്ടിലെത്തി ചർച്ച നടത്തി. ഫണ്ട് തിരിമറി കണക്കുകൾ പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടു.പൊതുജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം തകർക്കരുതെന്ന് അഭ്യർത്ഥിച്ചു. ഉന്നയിച്ച വിഷയങ്ങൾ പാർട്ടിക്കുള്ളിൽ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. വെള്ളൂർ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനത്തിൽ എത്തണമെന്നും അഭ്യർത്ഥിച്ചു. എന്നാല്‍ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. ടിഐ മധുസൂധനനെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ടു,
വെള്ളൂരിൽ ഇന്ന് സിപിഎം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം നടക്കാനിരിക്കെയാണ് എം വി ജയരാജന്‍ അനുനയ നീക്കം നടത്തിയത്. വി കുഞ്ഞികൃഷ്ണനും ടി ഐ മധുസൂധനനും പങ്കെടുക്കേണ്ട ചടങ്ങാണിത്. ഇരുവരും പങ്കെടുക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. വൈകിട്ട് അഞ്ചിന് പിബി അംഗം എ വിജയരാഘവനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.വെള്ളൂരിലെ പ്രവർത്തകർ ചടങ്ങില്‍ നിന്ന് വിട്ടുനിൽക്കുമോ എന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടറി നേരിട്ട് അനുനയ നീക്കവുമായി രംഗത്തിറങ്ങിയത്.
രക്തസാക്ഷി ധൻരാജ് ഫണ്ട് തിരിമറി: വകമാറ്റിയ 42 ലക്ഷത്തിന് കണക്ക് പറയാനാകാതെ സിപിഎം
പയ്യന്നൂരിലെ ഫണ്ട് തിരിമറിയിൽ പാർട്ടിക്ക് പണം നഷ്ടപ്പെട്ടിട്ടില്ല എന്ന് ആണയിടുന്ന സിപിഎം പക്ഷെ മൂന്ന് ഫണ്ടുകളിലായി ഒരുകോടിയോളം രൂപ അപഹരിച്ചു എന്ന തെളിവ് സഹിതമുള്ള പരാതിക്ക് മറുപടി നൽകുന്നില്ല. ധൻരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം നേതാക്കൾ പിൻവലിച്ചതിന് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപെടെ തെളിവ് സമർപ്പിച്ചിട്ടും ഒരു അന്വേഷണം നടത്താൻ പോലും സിപിഎം ഇതുവരെ തയ്യാറായിട്ടില്ല. ഫണ്ട് മോഷ്ടിച്ച ടിഐ മധുസൂധനനെ എംഎൽഎ സ്ഥാനത്ത് നിന്ന് പാർട്ടി രാജി വയ്പ്പിച്ചില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
2011 ജൂലൈ 16നാണ് പയ്യന്നൂരിലെ സജീവ സിപിഎം പ്രവർത്തകനായ സി.വി.ധൻരാജ് കൊല്ലപ്പെടുന്നത്. ധൻരാജിൻ്റെ കടങ്ങൾ വീട്ടാനും വീട് വച്ച് നൽകാനും പാർട്ടി രക്തസാക്ഷി ഫണ്ട് ശേഖരണം നടത്തി. ധനരാജിന് പയ്യന്നൂരിലെ പാർട്ടിക്കാർക്കിടയിലുണ്ടായിരുന്ന ജനപ്രീതി കാരണം എൻപത്തിയഞ്ച് ലക്ഷത്തിലധികമാണ് ഫണ്ട് കിട്ടിയത്. 25 ലക്ഷം രൂപയ്ക്ക് ധൻരാജിന്റെ കുടുംബത്തിന് വീട് വച്ചുനൽകി. ഭാര്യയുടെയും രണ്ട് മക്കളുടെയും പേരിൽ 5 ലക്ഷവീതവും അമ്മയുടെ പേരിൽ 3 ലക്ഷവും സഹകരണബാങ്കിൽ സ്ഥിര നിക്ഷേപം ഇട്ടു. ബാക്കി വന്ന 42 ലക്ഷം പയ്യന്നൂരിലെ രണ്ടു നേതാക്കളുടെ ജോയിൻ്റ് അക്കൗണ്ടിൽ സ്ഥിര നിക്ഷേപമാക്കി.
ധൻരാജിന് ഉണ്ടായിരുന്ന 15 ലക്ഷത്തിൻ്റെ കടംവീട്ടാതെയായിരുന്നു ഈ നിക്ഷേപം. ധൻരാജിൻ്റെ ഭാര്യയ്ക്ക് സഹകരണ സ്ഥാപനത്തിൽ ജോലിയുണ്ടെന്നും ആ വരുമാനത്തിൽ നിന്നും കടം വീടട്ടെ എന്നും പറഞ്ഞായിരുന്നു ഇത്. 42 ലക്ഷം സ്ഥിരനിക്ഷേപത്തിൽനിന്നും ലഭിച്ച 5 ലക്ഷത്തിന്റെ പലിശ രണ്ടു നേതാക്കളുടെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റി. താമസീയാതെ 42 ലക്ഷവും പിൻവലിക്കപ്പെട്ടു. ഇതിനൊക്കെ ബാങ്ക് സ്റ്റേറ്റ് മെന്റ് ഉൾപെടെ തെളിവുമായാണ് വി.കുഞ്ഞികൃഷ്ണൻ ജില്ലാ നേതൃത്വത്തെ സമീപിച്ചത്.
ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ടിലേക്ക് ഈ പണം ഉപയോഗിച്ചു എന്ന് ആരോപണ വിധേയർ വിശദീകരിച്ചെങ്കിലും അങ്ങനെ ഒരു തീരുമാനം എടുത്തതിന് ഏരിയ കമ്മറ്റിയുടെ മിനിറ്റ്സിൽ തെളിവില്ല. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനൻ ആരോപണം നേരിടുമ്പോഴും ജാഗ്രതക്കുറവ് മാത്രമാണുണ്ടായതെന്നും പണം നഷ്ടമായിട്ടില്ല എന്ന് മാത്രം സിപിഎം വിശദീകരിക്കുന്നു. എങ്കിൽ ആ 42 ലക്ഷം എവിടെ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ സിപിഎം തയ്യാറാകുന്നുമില്ല. അതേസമയം എംഎൽഎ ഉൾപെട്ട സാമ്പത്തിക തിരിമറിയിൽ നിയമപരമായ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam