'ഒരുകാര്യം പ്രത്യേകം ഓർമ്മിപ്പിക്കട്ടെ കിറ്റിൽ അരിയില്ല'; എംടി രമേശിന് മറുപടിയുമായി എംവി ജയരാജന്‍

By Web TeamFirst Published May 9, 2021, 2:00 PM IST
Highlights

കിറ്റ് വിതരണം സംബന്ധിച്ച് ആശയക്കുഴപ്പുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നേതാവ് നടത്തുന്നത് എന്നാണ് എംവി ജയരാജന്‍ പോസ്റ്റില്‍ പറയുന്നത്. ബി.ജെ.പി നേതാവേ, ഒരുകാര്യം പ്രത്യേകം ഓർമ്മിപ്പിക്കട്ടെ -" കിറ്റിൽ അരിയില്ല"

കണ്ണൂര്‍: കേന്ദ്രത്തില്‍ നിന്ന് അരിയെത്തിയ വിവരം പങ്കുവച്ച് സൗജന്യ കിറ്റ് വിതരണം ഈ മാസവും തുടരും എന്ന രീതിയില്‍ ബിജെപി നേതാവ് എംടി രമേശ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കേന്ദ്രത്തില്‍ നിന്ന് 70,000 മെട്രിക്ക് ടണ്‍ അരിയെത്തി, വീണ്ടും കിറ്റ് വിതരണം എന്ന വാര്‍ത്ത പങ്കുവച്ചായിരുന്നു പോസ്റ്റ്. എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്‍.

കിറ്റ് വിതരണം സംബന്ധിച്ച് ആശയക്കുഴപ്പുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി നേതാവ് നടത്തുന്നത് എന്നാണ് എംവി ജയരാജന്‍ പോസ്റ്റില്‍ പറയുന്നത്. ബിജെപി നേതാവേ, ഒരുകാര്യം പ്രത്യേകം ഓർമ്മിപ്പിക്കട്ടെ -" കിറ്റിൽ അരിയില്ല" എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്. ദുരിതാശ്വാസ നിധിയിലേക്ക്‌ നന്മ ചോർന്നുപോകാത്തവർ ഇതിനായി നൽകിയ തുകയുൾപ്പടെ ഉപയോഗിച്ചാണ്‌ മഹാമാരി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടത്‌. 

ഒപ്പം, കോവിഡ്‌ രോഗികൾക്കുൾപ്പടെ സമയത്ത്‌ ഭക്ഷണമെത്തിച്ചുനൽകാൻ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകരുതെന്ന്  വാശിപിടിച്ചവർക്കും, നന്മ ചോർത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവർക്കും ഉൾപ്പടെ എല്ലാവർക്കുമാണ്‌ പിണറായി സർക്കാർ ഭക്ഷ്യകിറ്റ്‌ സൗജന്യമായി നൽകിയതെന്നത്‌ മറ്റൊരു വസ്തുത്- എംവി ജയരാജന്‍ പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

കേരളത്തിൽ കോവിഡ്‌ പ്രതിസന്ധി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാനാണ്‌ സൗജന്യ ഭക്ഷ്യകിറ്റുകൾ നൽകാൻ പിണറായി സർക്കാർ തീരുമാനിച്ചത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നന്മ ചോർന്നുപോകാത്തവർ ഇതിനായി നൽകിയ തുകയുൾപ്പടെ ഉപയോഗിച്ചാണ്‌ മഹാമാരി ഘട്ടത്തിൽ ആരും പട്ടിണിയാകാതിരിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടത്‌. ഒപ്പം, കോവിഡ്‌ രോഗികൾക്കുൾപ്പടെ സമയത്ത്‌ ഭക്ഷണമെത്തിച്ചുനൽകാൻ സാമൂഹ്യ അടുക്കളകളും ആരംഭിച്ചു. ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകരുതെന്ന്  വാശിപിടിച്ചവർക്കും, നന്മ ചോർത്തിക്കളയുന്ന ആ വലതുപക്ഷ പ്രഖ്യാപനം ഏറ്റെടുത്തവർക്കും ഉൾപ്പടെ എല്ലാവർക്കുമാണ്‌ പിണറായി സർക്കാർ ഭക്ഷ്യകിറ്റ്‌ സൗജന്യമായി നൽകിയതെന്നത്‌ മറ്റൊരു വസ്തുത. 

ആരും പട്ടിണിയാകാതിരിക്കാനുള്ള ആ നന്മ ജനങ്ങളാകെ ഏറ്റെടുത്തപ്പോൾ, അതിന്റെ ഉടമസ്ഥാവകാശം പേറാൻ പലരും രംഗത്തുണ്ട്‌. കേന്ദ്രസർക്കാരാണ്‌ കിറ്റ്‌ നൽകിയതെങ്കിൽ, എന്തുകൊണ്ട്‌ രാജ്യത്താകെ അത്‌ നൽകുന്നില്ല എന്ന് ആരും ബി. ജെ. പിക്കാരോട്‌ ചോദിക്കല്ലേ..! അവർ കുടുങ്ങും. വീണ്ടും അവകാശ വാദവുമായി രംഗത്തുവന്നിട്ടുണ്ട്‌ ബി. ജെ. പി നേതാക്കൾ എന്നതാണ്‌ ഈ പുതിയ എഫ്‌. ബി പോസ്റ്റ്‌ വ്യക്തമാക്കുന്നത്‌. ഒരു കാര്യം പ്രത്യേകം ബി ജെ പി നേതാവിനെ ഓർമ്മിപ്പിക്കട്ടെ -" കേരളത്തിൽ നൽകുന്ന കിറ്റിൽ അരിയില്ല". കുറച്ചൊക്കെ നാടുമായി ബന്ധം വേണമെന്നേ പറയാനുള്ളൂ. ചുരുങ്ങിയപക്ഷം സാധാരണക്കാരായ കിറ്റ്‌ വാങ്ങിക്കുന്ന ബി. ജെ. പിക്കാരോടെങ്കിലും ചോദിക്കാമായിരുന്നു. നന്ദി, നല്ല നമസ്ക്കാരം. 

click me!