
കണ്ണൂര്‍: ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ 'കാലംസാക്ഷി' കേരളത്തിലെ കോണ്‍ഗ്രസിന്റെ കാലനായി മാറുമെന്ന് ആരും കരുതിയില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുണ്ടായ മൈക്ക് പിടിവലി കോണ്‍ഗ്രസിന് പുലിവാല് സൃഷ്ടിച്ചു. അപ്പോഴാണ് പാഴായ ഭൂരിപക്ഷ പിന്തുണ എന്ന 'കാലംസാക്ഷി'യുടെ അധ്യായത്തില്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനായി ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഭൂരിപക്ഷവും ചെന്നിത്തലയോടൊപ്പമാണെന്ന സത്യം ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയത് പുറത്തുവന്നതെന്നും എംവി ജയരാജന്‍ പറഞ്ഞു.
മൈക്ക് പിടിവലി സതീശനെതിരായ പൊതുവികാരം കോണ്‍ഗ്രസ് അണികളില്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ചെന്നിത്തലക്ക് അനുകൂലമായ രാശിയാണിപ്പോള്‍ എന്നാണ് കോണ്‍ഗ്രസുകാര്‍ അടക്കം പറയുന്നതെന്നും എംവി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എം.വി ജയരാജന്റെ കുറിപ്പ്: ''പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം രമേശ് ചെന്നിത്തല നടത്തിയ പ്രതികരണത്തെ തുടര്‍ന്ന് സപ്തംബര്‍ 8ന് ശേഷം കോണ്‍ഗ്രസ്സില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടാകുമെന്ന് ഉറപ്പായിരുന്നു. അര്‍ഹതപ്പെട്ട സ്ഥാനം ലഭിക്കാതിരുന്നതിലുള്ള ചെന്നിത്തലയുടെ പരാതിയും പരിഭവവും പൊട്ടിത്തെറിയിലാകുമെന്നാണ് അന്ന് പലരും കരുതിയത്. 'കാലംസാക്ഷി' കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ കാലനായി മാറുമെന്ന് ആരും കരുതിയില്ല. ഇപ്പോള്‍ അതാണ് കോണ്‍ഗ്രസ് അണികളും ജനങ്ങളും ചര്‍ച്ചചെയ്യുന്നത്.''
''കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുണ്ടായ 'മൈക്ക് പിടിവലി' കോണ്‍ഗ്രസ്സിന് പുലിവാല് സൃഷ്ടിച്ചു. അപ്പോഴാണ് 'പാഴായ ഭൂരിപക്ഷ പിന്തുണ' എന്ന 'കാലംസാക്ഷി'യുടെ അധ്യായത്തില്‍ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കാനായി ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ യോഗത്തില്‍ ഭൂരിപക്ഷവും ചെന്നിത്തലയോടൊപ്പമാണെന്ന സത്യം ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയത് പുറത്തുവരുന്നത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയെയാണ് പിന്തുണച്ചത്. ഹൈക്കമാന്റ് വി.ഡി. സതീശനെ പ്രതിപക്ഷനേതാവായി പ്രഖ്യാപിച്ചു. ഇതാണ് പാഴായ ഭൂരിപക്ഷ പിന്തുണയെന്ന തലക്കെട്ടിനിടയാക്കിയത്. ചെന്നിത്തലയ്ക്കിപ്പോള്‍ അമ്പലപ്പുഴ പായസം കുടിച്ചതുപോലെയുള്ള സംതൃപ്തിയാണ്. പ്രവര്‍ത്തകസമിതി രൂപീകരണവേളയില്‍ തന്നെ തഴഞ്ഞ ഹൈക്കമാന്റിനെതിരെ ചെന്നിത്തലയ്ക്ക് പുതിയൊരായുധം കിട്ടി. ഉമ്മന്‍ചാണ്ടിക്ക് വിശദീകരണ നോട്ടീസയക്കാന്‍ ഹൈക്കമാന്റിന് കഴിയില്ലല്ലോ. 'മൈക്ക് പിടിവലി' വിഡി സതീശനെതിരായ പൊതുവികാരം കോണ്‍ഗ്രസ് അണികളില്‍ സൃഷ്ടിച്ചിട്ടുണ്ട്. ചെന്നിത്തലക്ക് അനുകൂലമായ രാശിയാണിപ്പോള്‍ എന്നാണ് ചില കോണ്‍ഗ്രസ്സുകാര്‍ അടക്കം പറയുന്നത്. എട്ടിനുശേഷം പൊട്ടിയ കോണ്‍ഗ്രസ് എങ്ങനെ നാടിനെ രക്ഷിക്കും?''
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam