
കണ്ണൂർ : സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജൻ തുടരും. എംവി നികേഷ് കുമാറും എസ് എഫ് ഐ സംസ്ഥാന അധ്യക്ഷ കെ അനുശ്രീയും ഉൾപ്പെടെ 11 പേർ ജില്ലാ കമ്മിറ്റിയിൽ പുതിയതായി അംഗമാകും. 2019 ൽ പി. ജയരാജൻ ലോക്സഭയിലേക്ക് മത്സരിക്കാൻ മാറിയ വേളയിലാണ് ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി എത്തുന്നത്. അതിന് ശേഷം 2021ലെ സമ്മേളനത്തിലൂടെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. 2024-ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് എം വി ജയരാജൻ പരാജയപ്പെട്ടു.
പുതിയ ജില്ലാ കമ്മറ്റിയിലേക്ക് 11 പേരെയാണ് ഉൾപ്പെടുത്തിയത്. നേരത്തെ ജില്ലാ കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്ന എം വി നികേഷ് കുമാറിനെയും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റായ കെ അനുശ്രീയെയും ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്കൊപ്പം പി ഗോവിന്ദൻ, കെപിവി പ്രീത, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, മുഹമ്മദ് അഫ്സൽ, സരിൻ ശശി, കെ ജനാർദ്ദനൻ, സി കെ രമേശൻ എന്നിവരെയും ഉൾപ്പെടുത്തി.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു നികേഷ് കുമാർ. അടുത്തിടെയാണ് മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് സിപിഎമ്മിൽ സജീവമായത്.
മൂന്ന് ദിവസമായി തളിപ്പറമ്പിൽ തുടരുന്ന സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങൾ, പി.പി.ദിവ്യക്കെതിരായ കേസും നടപടിയും, പി.ജയരാജനെതിരെ പാർട്ടി വിട്ട മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾ തുടങ്ങിയവ ചർച്ചയായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam