
തിരുവനന്തപുരം: സംഘാടന പിഴവ് ആരോപിച്ച് പരിപാടി റദ്ദാക്കിയ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ രോഷം തണുപ്പിക്കാൻ എംവിഡി. ചടങ്ങിൽ പരമാവധി ജീവനക്കാർ പങ്കെടുക്കണമെന്ന് ഉദ്യോഗസ്ഥന്റെ നിർദ്ദേശം. ആളുകൾ കുറഞ്ഞതിനാൽ കനകക്കുന്നിലെ കഴിഞ്ഞ ദിവസത്തെ പരിപാടി മന്ത്രി ഉപേക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജീവനക്കാർക്ക് പരിപാടിയിൽ പങ്കെടുക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയത്. പേരൂർക്കടയിലാണ് ഇന്ന് ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കുന്നത്. അതിനിടെ ചടങ്ങിനായി ദീർഘനേരം വെയിലത്ത് നിന്ന ഉദ്യോഗസ്ഥരിൽ ഒരാൾ കുഴഞ്ഞുവീണു.
എംവിഡിക്ക് വേണ്ടി വാങ്ങിയ 51 വാഹനങ്ങളുടെ പുതിയ ഫ്ലാഗ് ഓഫാണ് ഇന്ന് നടത്തുന്നത്. കഴിഞ്ഞ ദിവസം കനകകുന്നിൽ സംഘടിപ്പിച്ച പരിപാടിയാണ് ഉദ്യോഗസ്ഥരുടെ പങ്കാളിത്വത്തിലെ കുറവ് കാരണം ഗതഗാതമന്ത്രി കെ ബി ഗണേഷ് കുമാർ റദ്ദാക്കിയത്. ചടങ്ങ് സംഘടിപ്പിച്ചതിലെ വീഴ്ച ആരോപിച്ച് അസി. മോട്ടോർ വാഹന കമ്മീഷണർ വി.ജോയിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് പരിപാടി റദ്ദാക്കി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ വേദി വിട്ടത്. ഇന്ന് പേരൂക്കട കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് 10 മണിക്കാണ് ഫ്ലാഗ് ഓഫ്. പരിപാടി ഗംഭീരമാക്കാൻ എംവിഡിയിലെയും കെഎസ്ആർടിസിയിലെയും ഉദ്യോഗസ്ഥരോട് പങ്കെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.