ഫീസടിച്ചിട്ടും അച്ചടിച്ച ആര്‍സി നല്‍കിയില്ല: എംവിഡിക്ക് കനത്ത പ്രഹരം, കൊണ്ടോട്ടി സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കണം

Published : Jul 26, 2026, 03:33 PM IST
mvd fine

Synopsis

അച്ചടിച്ച ആര്‍സിക്ക് ഫീസ് വാങ്ങിയിട്ടും നല്‍കാതിരുന്ന മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതി പിഴയിട്ടു. കൊണ്ടോട്ടി സ്വദേശി നല്‍കിയ പരാതിയില്‍, സേവന വീഴ്ച കണ്ടെത്തിയ കോടതി  നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ ഉത്തരവിട്ടു.

മലപ്പുറം: ഫീസ് ഈടാക്കിയിട്ടും അച്ചടിച്ച ആര്‍ സി (രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കാതിരുന്ന മോട്ടോര്‍ വാഹന വകുപ്പിന് ജില്ലാ ഉപഭോക്തൃ കോടതിയുടെ കനത്ത പ്രഹരം. പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും അടക്കം തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു.

കൊണ്ടോട്ടി പള്ളിക്കല്‍ സ്വദേശിയും 'ആക്ഷന്‍' സംഘടനയുടെ പ്രസിഡന്‍റുമായ ആത്മേശന്‍ പച്ചാട്ടാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ സേവന വീഴ്ചയ്ക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 2025 ഫെബ്രുവരി 14-നാണ് കൊണ്ടോട്ടി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും അച്ചടിച്ച ആര്‍സി തപാലില്‍ ലഭിക്കുന്നതിനുമായി 245 രൂപ ഫീസടച്ച് അപേക്ഷ നല്‍കിയത്. എന്നാല്‍ ആര്‍സി ലഭിക്കാത്തതിനെ തുടര്‍ന്ന് ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍, മാര്‍ച്ച് 1 മുതല്‍ ഡിജിറ്റല്‍ ആര്‍സി സംവിധാനം നിലവില്‍ വന്നതായും പരിവാഹന്‍ പോര്‍ട്ടലില്‍ നിന്ന് സ്വയം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നുമായിരുന്നു അധികൃതരുടെ മറുപടി. 

അച്ചടിച്ച ആര്‍സി നല്‍കുന്നില്ലെങ്കില്‍ അതിനായി ഈടാക്കിയ 245 രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. പരാതി പരിശോധിച്ച കോടതി, മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്തു നിന്ന് സേവനത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി.

അച്ചടിച്ച ആര്‍സിക്കായി ഈടാക്കിയ 245 രൂപയും അപേക്ഷകനുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവുകള്‍ക്കായി 3,000 രൂപയും പരാതിക്കാരന് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പഞ്ചനക്ഷത്ര ഹോട്ടൽ ലോബിയിൽ തോർത്തുടുത്ത് ടാക്സി ഡ്രൈവർമാർ; അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതിനെതിരെ പ്രതിഷേധം
ലഹരി വിറ്റ അധ്യാപകർ ഇനി പഠിപ്പിക്കണ്ട ; കീർത്തനയെ പിരിച്ചുവിട്ടു, കാവ്യക്കെതിരെയും നടപടി ഉടൻ