
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രളയദുരിതാശ്വാസത്തിൽ പങ്കെടുത്ത വാഹനത്തിന് പെറ്റി അടിച്ച ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ച് മോട്ടോർ വാഹനവകുപ്പ്. ഉദ്യോഗസ്ഥ സംഘടനകൾ സംസ്ഥാനവ്യാപക പ്രതിഷേധം തുടങ്ങിയതോടെയാണ് നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയത്. അതേസമയം, ദുരിതാശ്വാസപ്രവർത്തനത്തിന് ഇറങ്ങിയതാണെന്ന് പറഞ്ഞപ്പോൾ ആരും നിർബന്ധിച്ചില്ലല്ലോ എന്ന് എംവിഡി ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ വാഹന ഉടമയും പുറത്തുവിട്ടു.
മന്ത്രി കടുപ്പിച്ചു പറഞ്ഞു, പക്ഷെ മണിക്കൂറുകൾക്കിപ്പുറം നടപടി ലൈറ്റായി. പ്രതിഷേധ ബാഡ്ജ് അണിഞ്ഞ് പെറ്റി പിരിക്കാതെ ഉദ്യോഗസ്ഥർ. എഐ ക്യാമറകളിലെ ചെല്ലാനുകളും അയച്ചില്ല. സംസ്ഥാനവ്യാപക പ്രതിഷേധം ശക്തമായതോടെയാണ് അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥരായ ലൈജു, ഷമീർ എന്നിവരുടെ സസ്പെൻഷൻ പിൻവലിച്ചത്. നടപടി സ്ഥലമാറ്റത്തിൽ ഒതുക്കി. കഴക്കൂട്ടം, മാവേലിക്കര ആർ ടി ഓഫീസുകളിലേക്കാണ് ഇരുവരെയും മാറ്റിയത്. വകുപ്പുതല അന്വേഷണം തുടരും. ഓഗസ്റ്റ് 5-ാം തീയതി അടൂരിൽ വെച്ചാണ് പത്തനംതിട്ട മെഴുവേലി സ്വദേശിയുടെ ഓഫ് റോഡ് വാഹനത്തിന് എംവിഡി ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്. അനധികൃത ലൈറ്റുകൾ സ്ഥാപിച്ചുവെന്ന് കാട്ടിയായിരുന്നു നടപടി. എന്നാൽ ആറന്മുളയിൽ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് പോയതാണെന്നും അങ്ങനെ വാഹനത്തിന് കേടുപാട് പറ്റിയെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ പിഴ ചുമത്തിയെന്നാണ് വാഹന ഉടമയുടെ പരാതി.
ആറന്മുള എംഎൽഎ ഉൾപ്പെടെ ശക്തമായി ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു അനൗചിത്യ നടപടിയെന്ന കാരണത്തിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഗതാഗത വകുപ്പ് യുടേൺ അടിച്ചു. കൊല്ലം ആർടിഒയുടെ റിപ്പോർട്ടിനെ തുടർന്ന് കൊട്ടാരക്കര ടിപ്പർ അപകടത്തിൽ സുദിൻ ഗോപി, ശരത് എസ് കുമാർ എന്നീ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ആ നടപടിയും സ്ഥലമാറ്റമായി ഇളവ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam