
മലപ്പുറം: ദേശീയപാത 66ല്‍ കാര്‍ തകരാറിലായി യാത്രാമധ്യേ കുടുങ്ങിയ കുടുംബത്തിന് തുണയായി മോട്ടോര്‍ വാഹന വകുപ്പ് പട്രോളിങ് സംഘം. കോഴിക്കോട് സ്വദേശിയായ ഹവില്‍ദാര്‍ പി. അനൂപും കുടുംബവുമാണ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ ദുരിതത്തില്‍നിന്ന് രക്ഷപ്പെട്ടത്. കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്ക് ക്ഷേത്രദര്‍ശനത്തിനായി കുടുംബസമേതം യാത്ര ചെയ്യുന്നതിനിടെയാണ് കക്കാട് വെച്ച് കാറിന് തകരാര്‍ സംഭവിച്ചത്. വാഹനത്തിലെ സെന്‍സറിലുണ്ടായ തകരാറിനെ തുടര്‍ന്ന് ആദ്യം എ.സി പ്രവര്‍ത്തനം നിലച്ചു. പിന്നാലെ എന്‍ജിനും പ്രവര്‍ത്തനരഹിതമായി. ഇതോടെ ദേശീയപാതയില്‍ വാഹനം മുന്നോട്ടുകൊണ്ടുപോകാനാകാതെ കുടുംബം കുടുങ്ങി.
സഹായത്തിനായി പലരെയും ബന്ധപ്പെട്ടെങ്കിലും കൃത്യസമയത്ത് സഹായം ലഭിച്ചില്ല. ഇതിനിടെയാണ് ദേശീയപാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്‍ ശ്രദ്ധിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ കൊണ്ടോട്ടി എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ്, എ. എം. വി. ഐ സൗരഭ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വാഹനം പരിശോധിച്ച് തകരാര്‍ കണ്ടെത്തി. തുടര്‍ന്ന് വര്‍ക്ക്ഷോപ്പ് ജീവനക്കാരനെ സ്ഥലത്തെത്തിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി. വാഹനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായതോടെ കുടുംബത്തിന് യാത്ര തുടരാനായി. പ്രതിസന്ധി ഘട്ടത്തില്‍ സമയോചിതമായി ഇടപെട്ട് സഹായിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പി. അനൂപും കുടുംബവും നന്ദി അറിയിച്ചു. ദേശീയപാതയിലെ പട്രോളിങ് സംഘത്തിന്റെ ഇടപെടല്‍ കുടുംബത്തിന് വലിയ ആശ്വാസമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam