മോൻസന്‍റെ ആഡംബര കാറുകൾക്ക് രജിസ്ട്രേഷനില്ല; കറങ്ങിനടന്നത് വ്യാജ നമ്പർ പ്ലേറ്റിലെന്ന് അന്വേഷണ റിപ്പോ‍ർട്ട്

By Web TeamFirst Published Oct 1, 2021, 7:12 AM IST
Highlights

കൊച്ചിയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ എട്ട് ആഡംബര വാഹനങ്ങളിൽ ഒരെണ്ണം മാത്രമാണ് മോൻസന്‍റെ പേരിലുളളത്. ബാക്കി വാഹനങ്ങളുടെ നന്പർ പ്ലേറ്റുകളെല്ലാം വ്യാജമാണെന്നാണ് കണ്ടെത്തൽ.   

കൊച്ചി: പുരാവസ്തുക്കളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് (Finance Fraud) നടത്തിയ മോൻസൻ മാവുങ്കലിന്‍റെ (Monson Mavunkal) ആഡംബര വാഹനശേഖരത്തിലും  വ്യാജനെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ (Motor Vehicle Department) അന്വേഷണ റിപ്പോ‍ർട്ട്. കൊച്ചിയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ എട്ട് ആഡംബര വാഹനങ്ങളിൽ ഒരെണ്ണം മാത്രമാണ് മോൻസന്‍റെ പേരിലുളളത്. ബാക്കി വാഹനങ്ങളുടെ നന്പർ പ്ലേറ്റുകളെല്ലാം വ്യാജമാണെന്നാണ് കണ്ടെത്തൽ.   

കോട്ടും സൂട്ടും പാപ്പാസുമിട്ട് അത്യാഡംബരവാഹനങ്ങളിൽ കൊച്ചി നഗരത്തിലൂടെ വിലസിയിരുന്ന  മോൻസൻ മാവുങ്കലിന്‍റെ കളളക്കളളികളാണ് ഒന്നൊന്നായി പൊളിഞ്ഞടുങ്ങുന്നത്. മോൻസൻ പതിവായി കറങ്ങിയിരുന്ന ദോഡ്ജേ ഗ്രാന്‍റിന്‍റെ രജിസ്ട്രേഷൻ 2019ൽ അവസാനിച്ചു. ഹരിയാന രജിസ്ട്രേഷൻ വാഹനത്തിന് വർഷങ്ങളായി ഇൻഷൂറൻസ് പോലുമില്ല. വരുന്നവരോടെല്ലാം മോൻസൻ തലപ്പൊക്കത്തോടെ പറ‍ഞ്ഞിരുന്ന ലക്സസ് , റേഞ്ച് റോവർ, ടോയോട്ടാ എസ്റ്റിമ എന്നിവയുടെയൊന്നും രേഖകൾ പരിവാഹൻ  വൈബ് സൈറ്റിൽ കാണാനില്ല. വ്യാജ നമ്പർ പ്ലേറ്റിലാണ് ഇവ  കേരളത്തിൽ ഉപയോഗിച്ചതെന്നാണ് നിഗമനം. 

Read Also: ബെഹ്റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താനെന്ന് മോൻസൻ; പൊട്ടിച്ചിരിയും ബഹളവുമായി മ്യൂസിയത്തിലെ തെളിവെടുപ്പ്

ഇവയുടെ  യഥാർഥ രജിസ്ട്രേഷൻ നമ്പർ അറിയാൻ  അടുത്ത ദിവസം തന്നെ ചേസിസ് നമ്പറും എഞ്ചിൻ നമ്പറും പരിശോധിക്കും. എന്നാൽ രാജ്യത്തെ പ്രമുഖ വാഹന ഡിസൈനറായ ദീപക് ഛാബ്രിയ ഡിസൈൻ ചെയ്ത ഫെറാറി ലോഗോ പതിപ്പിച്ച കാർ  ഇക്കൂട്ടത്തിലുണ്ടെന്നാണ് മോട്ടോർ വകുപ്പിന്‍റെ റിപ്പോർ‍ട്ടിലുളളത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുളള ഈ കാറിന്  രജിസ്ട്രേഷൻ അനുമതി കിട്ടാതെവന്നതോടെ  നിരത്തിലിറക്കാനായില്ല. ഇതെങ്ങനെ മോൻസന്‍റെ കൈയ്യിലെത്തിയെന്നാണ് പരിശോധിക്കുന്നത്. 

ഹരിയാന രജിസ്ട്രേഷനിലുളള പോർഷേ വാഹനം യഥാർഥ പോർഷേ അല്ലെന്നാണ് കണ്ടെത്തൽ,  മിത്സുബുഷി സിഡിയ കാർ രൂപം മാറ്റി പോർഷേ ലോഗോ പതിപ്പിച്ചിറക്കിയതാണ്. ഡിപ്ലോമാറ്റിക് വാഹനമായി മോൻസൻ അവതരിപ്പിച്ചിരുന്ന  ലിമോസിൻ കാർ, മെഴ്സിഡസിന് നീളം കൂട്ടി ഉണ്ടാക്കിയതാണ്.   വിഐപികളുടെ കണ്ണുമഞ്ഞളിപ്പിക്കാൻ കലൂരിലെ വീട്ടുമുറ്റത്ത് ഒന്നൈന്നായി നിരത്തിയിട്ടിരുന്ന കാറുകളെല്ലാം അറുപഴഞ്ചനാണെന്നാണ്  മോട്ടോർ   വാഹന വകുപ്പിന്‍റെ അന്വേഷണ റിപ്പോ‍ർട്ടിലുളളത്. സാമ്പത്തിക തട്ടിപ്പിനുളള  കെട്ടുകാഴ്ചകളായി ഈ ആക്രിക്കാറുകളെയും മോൻസൻ ഉപയോഗിച്ചെന്നാണ് കരുതുന്നത്. 

Read Also: മോൻസൻ തട്ടിപ്പ് തുടങ്ങിയത് രാജകുമാരിയിൽ നിന്ന്; തുടക്കം ഇലക്ട്രോണിക് ഉപകരണങ്ങളിൽ

 

click me!