
തിരുവനന്തപുരം: ആള് കുറഞ്ഞതിന്‍റെ ക്ഷീണം മാറ്റാൻ ജോലി സമയത്ത് എംവിഡി ഉദ്യോഗസ്ഥരെ കൂട്ടത്തോടെയെത്തിച്ച് എംവിഡി വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടത്തി ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍. കനകക്കുന്നിൽ ആളില്ലാത്തതിനാൽ രോഷാകുലനായ മന്ത്രി, മാറ്റിവെച്ച പരിപാടിയാണ് പേരൂർക്കടയിൽ നടന്നത്. ഇതോടെ ഉദ്യോഗസ്ഥർ ഇല്ലാതെ ഡ്രൈവിങ് ടെസ്റ്റുകൾ ഉൾപ്പെടെയുള്ള സേവനങ്ങളും മുടങ്ങി. പൊരിവെയിലത്ത് നടന്ന പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരിൽ ചിലര്‍ തളര്‍ന്നുവീഴുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്‍റെ 52 പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനായി ആഘോഷമായി പരിപാടി നടത്തണമെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം പാലിക്കുന്നതിനായാണ് ഉദ്യോഗസ്ഥര്‍ ഒന്നാകെ പേരൂര്‍ക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തിയത്. കനകക്കുന്നിൽ കഴിഞ്ഞ മാസം 29ന് നിശ്ചയിച്ച പരിപാടി മന്ത്രി തന്നെ റദ്ദാക്കുകയായിരുന്നു. കനകക്കുന്ന് പാലസിന് മുന്നിലേക്ക് പുതിയ വാഹനങ്ങൾ കയറ്റി ഇടാത്തതിലും വേദിയിൽ ആള് കുറഞ്ഞതിലും രോഷം പ്രകടിപ്പിച്ച് മന്ത്രി അന്ന് വേദിയിൽ വെച്ച് പരിപാടി റദ്ദാക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു.
മന്ത്രിയുടെ അതൃപ്തി തീര്‍ക്കാൻ ആളെക്കൂട്ടി തന്നെ പരിപാടി നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ പേരൂര്‍ക്കട കെഎസ്ആര്‍ടിസി ഡിപ്പോയിൽ പുതിയ വണ്ടികള്‍ നിരത്തി ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്. വിവിധ എംവിഡി ഓഫീസുകളിൽ നിന്ന് ഉദ്യോഗസ്ഥരെ പ്രത്യേകം വണ്ടിയിൽ സദസിലെത്തിച്ചു. വണ്ടിയിറക്കാനുള്ള 'മന്ത്രിയുടെ ഷോയ്ക്ക്' പൊരിവെയിലിൽ മണിക്കൂറുകളോളമാണ് ജീവനക്കാര്‍ കാത്തുനിന്നത്. ചിലർ വെയിലത്ത് തളര്‍ന്നുവീണു. കുഴഞ്ഞുവീണ ഉദ്യോഗസ്ഥനെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എംവിഡി ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ പരിപാടിക്കായി പോയതോടെ ആര്‍ടി ഓഫീസുകള്‍ കാലിയായി. ജില്ലയിലെ ഡ്രൈവിങ് ടെസ്റ്റുകള്‍ തടസപ്പെട്ടു. ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് എത്തിയവര്‍ ഏറെ നേരം കാത്തുനിൽക്കേണ്ടിയും വന്നു. ഊഴം കിട്ടി പണമടച്ച് എത്തിയവരാണ് ടെസ്റ്റ് നടത്താനായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നത്.
വണ്ടികൾ നിരത്തിയിട്ടത് ജനം കാണണം എന്നതുകൊണ്ടാണ് കഴിഞ്ഞ പരിപാടി ആളുകള്‍ കുറഞ്ഞതിനെതുടര്‍ന്ന് ഒഴിവാക്കിയതെന്ന് ഫ്ലാഗ് ഓഫ് ചടങ്ങിന്‍റെ ഉദ്ഘാടനം പ്രസംഗത്തിൽ മന്ത്രി കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. താൻ സത്യങ്ങൾ പറയുമ്പോൾ ചിലർക്ക് ഇഷ്ടപ്പെടുന്നില്ല. തിരുവനന്തപുരത്ത് ഓടുന്ന ഇലക്ട്രിക് ബസ് നഷ്ടമാണെന്ന് പറഞ്ഞതിനായിരുന്നു ആദ്യ വിവാദം. കെഎസ്ആര്‍ടിസിയിൽ അഴിമതി കുറക്കാൻ കഴിഞ്ഞു. എങ്കിലും ചിലർ ഇപ്പോഴമുണ്ട്. സർക്കാറിനെ ലജ്ജിപ്പിക്കുന്ന ജനങ്ങളെ അപമാനിക്കുന്ന പരിപാടിയായിരുന്നു കനകക്കുന്നിൽ നടന്നത്. അതൊരു കാരണവശാലും അംഗീകരിക്കില്ല. രണ്ടു ഉദ്യോഗസ്ഥർ മാത്രം എസി ഇട്ട് വണ്ടിയിൽ കയറിയിരുന്നാൽ പോരെന്നും നമ്മുടെ വകുപ്പ് അഭിമാനത്തോടെ ചെയ്യുന്ന പരിപാടിയാണെന്നും അത് നന്നായി നടക്കണം എന്നതുകൊണ്ടാണ് വിമർശിച്ചതെന്നും മന്ത്രി പറഞ്ഞു. . മുടന്തി പോയ കെഎസ്ആർടിസി ലാഭത്തിൽ എന്ന് പറഞ്ഞപ്പോൾ ചില മാധ്യമങ്ങൾ അത് അംഗപരിമിതരെ അപമാനിക്കൽ അല്ലേ എന്നാണ് ചോദിക്കുന്നത്. പ്ലാസ്റ്റിക് കുപ്പി വണ്ടിയിൽ ഇടരുത് എന്ന് നേരത്തെ തന്നെ നിർദ്ദേശം ഉണ്ടായിരുന്നുവെന്നും കെബി ഗണേഷ്‍കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസില്‍ ചികിത്സയ്ക്കായി പോകുന്ന ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്രയ്ക്കായി ഹാപ്പി ലോങ് ലൈഫ് എന്ന പേരിൽ പാസ് ഇറക്കും. പാസിന് ഏതൊക്കെ രേഖകൾ വേണമെന്ന് പിന്നീട് തീരുമാനിക്കും. ബസുകളിൽ രണ്ട് സീറ്റ് രോഗികൾക്കായി റിസർവ് ചെയ്യും. പാസുള്ളവർ എത്തിയാൽ സീറ്റ് ഒഴിഞ്ഞു നൽകണം.