
കൊച്ചി: മുനമ്പത്തെ തർക്കഭൂമി വഖഫ് അല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പരാമർശം. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ഉത്തരവിട്ട ഡിവിഷൻ ബെഞ്ച് വഖഫ് ബോർഡ് ഭൂമിയിൽ അവകാശവാദമുന്നയിച്ചത് നിയമവിരുദ്ധമെന്നും കണ്ടെത്തി. എന്നാൽ വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാൽ വഖഫ് ഭൂമി അല്ലെന്ന് ഉത്തരവിടുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മുനമ്പത്തെ ജനകീയ സമരം 363ദിവസമാണ്. 610 കുടുംബങ്ങൾ റവന്യു അവകാശങ്ങൾ നിഷേധിക്കപ്പെട്ട് നിയമപോരാട്ടം തുടരുമ്പോഴാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക കണ്ടെത്തൽ. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ പ്രശ്നപരിഹാരത്തിനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷനെ കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതി സിംഗിൽ ബെഞ്ച് റദ്ദാക്കിയിരുന്നു.
ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഫാറൂഖ് കോളേജിന് സേട്ട് കുടുംബം ദാനമായി നൽകിയ ഭൂമി ഏഴ് പതിറ്റാണ്ടിന് ശേഷം 2019ൽ വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചത് മുതൽ കോടതി ചോദ്യം ചെയ്യുകയാണ്. ഈ കാലതാമസവും അസ്വഭാവികം, അർദ്ധ ജുഡീഷ്യൽ സമിതിയുടെ റിപ്പോർട്ട് പ്രകാരവും സർവ്വേ നടപടികളും തുടങ്ങേണ്ട ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ പാലിക്കാതെയെന്നാണ് കണ്ടെത്തൽ.
വഖഫ് ചട്ടങ്ങളുടെ ലംഘനം നടന്നത് വഴി ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കണമെന്ന് കോടതി നിരീക്ഷിച്ചു.ജുഡീഷ്യൽ കമ്മീഷന് വീണ്ടും പ്രവർത്തനം തുടങ്ങാമെന്ന ഉത്തരവോടെ പ്രശ്നപരിഹാരത്തിനുള്ള സാധ്യതയും വഴിതുറക്കുമെന്നാണ് പ്രതീക്ഷ. പോരാട്ടത്തിന്റെ വിജയമെന്ന് സമരസമിതിയും വ്യക്തമാക്കി.
വഖഫ് ചട്ടം പ്രകാരമാണ് പ്രവർത്തിച്ചതെന്നും നിയമപോരാട്ടം തുടരുമെന്നും സംസ്ഥാന വഖഫ് ബോർഡ് വ്യക്തമാക്കി. ക്രൈസ്തവ സഭകൾ ഉൾപ്പടെ വിവിധ സംഘടനകൾ കോടതി വിധിയെ സ്വാഗതം ചെയ്തു.എന്നാൽ വഖഫ് ട്രൈബ്യൂണലിൽ കേസ് നടക്കുന്നതിൽ ഭൂമി വഖഫ് അല്ലെന്ന് ഉത്തരവിടുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നുവെന്നാണ് ജസ്റ്റിസുമാരായ ധർമാധികാരി ശ്യാംകുമാർ വി എം എന്നിവർ വ്യക്തമാക്കിയത്.ഇതോടെ നിയമപോരാട്ടം തുടരുമെന്ന് ഉറപ്പാണ്.എന്നാൽ ഡിവിഷൻ ബെഞ്ചിലെ കണ്ടെത്തൽ തുടർന്നുള്ള നിയമവഴികളിൽ മുനമ്പം ജനതയ്ക്ക് കരുത്താകും.