'കുടുംബം കമ്മ്യൂണിസ്റ്റാവണം, ഞാന്‍ വന്ന സാഹചര്യങ്ങളിലൂടെയാണ് മകനും വരുന്നത്'; എ വിജയരാഘവന്‍

By Web TeamFirst Published Nov 20, 2020, 2:07 PM IST
Highlights

ഏറ്റവും സാധാരണമായ ഒരു സ്ഥലത്ത് നിന്ന് തുടങ്ങുമ്പോള്‍ ജീവിതത്തേക്കുറിച്ചുള്ള കാഴ്ചപ്പാടിലും സാമൂഹിക പ്രതിബദ്ധതയിലും മാറ്റമുണ്ടാകും. ഭാര്യയും മകനും സിപിഎം അംഗങ്ങളാണ്. 

താന്‍ ജീവിച്ച സ്ഥലങ്ങളിലൂടെയാണ് മകന്‍ വളര്‍ന്നുവരുന്നതെന്ന് സിപിഎം സെക്രട്ടറി എ വിജയരാഘവന്‍. നാഷണല്‍ ലോ സ്കൂളില്‍ പഠിച്ച മകന്‍ കുറഞ്ഞപക്ഷം ഹൈക്കോടതിയിലെങ്കിലും പരിശീലനം ചെയ്യാതെ മലപ്പുറത്തെ ഒരു സാധാരണ കോടതിയില്‍ പരിശീലിക്കുന്നതിനേക്കുറിച്ചാണ് സിപിഎം സെക്രട്ടറിയുടെ പ്രതികരണം.

ഏറ്റവും സാധാരണമായ ഒരു സ്ഥലത്ത് നിന്ന് തുടങ്ങുമ്പോള്‍ ജീവിതത്തേക്കുറിച്ചുള്ള കാഴ്ചപ്പാടിലും സാമൂഹിക പ്രതിബദ്ധതയിലും മാറ്റമുണ്ടാകും. ഭാര്യയും മകനും സിപിഎം അംഗങ്ങളാണ്. ഭാര്യ ദില്ലി ജെഎന്‍യുവിലെ പഠനകാലത്ത് എസ്എഫ്ഐയില്‍ സജീവമായിരുന്നു. കുടുംബം കമ്മ്യൂണിസ്റ്റായി ഇരിക്കുന്നതാണ് നല്ലതെന്നും എ വിജയരാഘവന്‍ പറയുന്നു. ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എ വിജയരാഘവന്‍. 

കോടിയേരി ബാലകൃഷ്ണനെ പാർട്ടിയും സർക്കാരും പിന്തുണച്ചില്ലെന്ന വാര്‍ത്തകള്‍ എ വിജയരാഘവൻ തള്ളി. പാര്‍ട്ടിക്ക് മുന്നില്‍ കോടിയേരി ഇതുവരെ പരാതി ഉന്നയിട്ടില്ലെന്നും ഇതുസംബന്ധിച്ച് തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും വിജയരാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സോളാർ കേസിൽ തുടർ നടപടികൾ സർക്കാർ പരിശോധിക്കുകയാണ്. ഇക്കാര്യത്തിൽ നടപടികൾ ഉടൻ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി കൊടി കെട്ടി വന്നത് പോലെ പ്രവർത്തിക്കുകയാണെന്നും സിഎജി കണക്ക്‌ മാത്രം നോക്കാതെ ജനങ്ങളുടെ ജീവിതവും നോക്കണമെന്നും എ വിജയരാഘവൻ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എൽഡിഎഫ് കൺവീനർ മാറ്റം സിപിഎം സംസ്ഥാന സമിതി തീരുമാനിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. എല്ലാക്കാലത്തും ഒരാളല്ലല്ലോ കുറച്ച് കാത്തിരുന്നാൽ പാർട്ടി തീരുമാനം അറിയാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

click me!