സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല സ്വർണക്കപ്പ് നേടി. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ പിന്തള്ളിയാണ് കണ്ണൂർ കലാകിരീടം തിരിച്ചുപിടിച്ചത്. തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ച കണ്ണൂർ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് വിജയം ഉറപ്പിച്ചത്
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ സ്വർണ്ണക്കപ്പിൽ മുത്തമിട്ട് കണ്ണൂർ. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ തിരിച്ചുപിടിച്ചത്. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂരിന്‍റെ കിരീടനേട്ടം. സ്വന്തം തട്ടകത്തിൽ തൃശൂരിനെ മലർത്തിയടിച്ചുകൊണ്ടാണ് കണ്ണൂരിന്‍റെ കിരീടനേട്ടം. തുടക്കം മുതൽ പ്രകടിപ്പിച്ച മികച്ച മുന്നേറ്റം അവസാന നിമിഷം വരെ നിലനിർത്താൻ കണ്ണൂരിനായപ്പോൾ, വാശിയേറിയ മത്സരത്തിനൊടുവിൽ തൃശൂർ റണ്ണറപ്പുകളായി. 1023 പോയിന്‍റുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 1018 പോയിന്‍റാണ് സമ്പാദിക്കാനായത്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 1013 പോയിന്‍റാണ് കോഴിക്കോട് ജില്ലക്കുള്ളത്. ജില്ലയിലെ കലാപ്രതിഭകളുടെ കഠിനാധ്വാനത്തിന് ലഭിച്ച ഈ വിജയത്തോടെ കണ്ണൂർ വീണ്ടും കേരളത്തിന്റെ കലോത്സവത്തിലെ അഭിമാന നേട്ടം പിടിച്ചെടുക്കുകയായിരുന്നു. സ്കൂളുകളുടെ കാര്യത്തിൽ ആലത്തൂർ ഗുരുകുലം എച് എസ് എസാണ് മുന്നിലെത്തിയത്.
സമാപനത്തിൽ പ്രതിപക്ഷ നേതാവും മോഹൻലാലും
തൃശൂരിൽ അരങ്ങേറിയ കലാമാമാങ്കത്തിന് വൈകിട്ട് സമാപനമാകും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. മോഹൻലാൽ മുഖ്യാതിഥിയായി എത്തും.


