
പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ബാങ്ക് ഭരണ സമിതി സസ്പെൻഡ് ചെയ്തു. ബാങ്കിലെ ഓഡിറ്റിൽ 3.94 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സെക്രട്ടറിയെ പ്രതി ചേർത്ത് കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു ഇതിന് പിന്നാലെയാണ് നടപടി. സഹകരണ വകുപ്പ് കോന്നി അസിസ്റ്റന്റ് രജിസ്റ്റാർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
മൈലപ്ര സഹകരണ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി അമൃത മൈഫുഡ് റോളർ ഫ്ലോർ ഫാക്ടറിയുടെ പേരിലാണ് സാമ്പത്തിക തിരിമറികൾ നടന്നത്. മൂന്ന് കോടി തൊണ്ണൂറ്റി നാല് ലക്ഷത്തി അൻപത്തിയേഴായിരത്തി അഞ്ഞൂറ്റി അറുപത്തിയാറ് രൂപയുടെ തിരിമറി നടന്നെന്നാണ് സഹകരണ വകുപ്പ് ഇക്കഴിഞ്ഞ മാർച്ച് എട്ടാം തിയതി നടത്തിയ ഓഡിറ്റിൽ കണ്ടെത്തിയത്. അമൃത ഫാക്ടറിയിൽ മൂന്ന് കോടി തൊണ്ണൂറ്റി നാല് ലക്ഷം രൂപയുടെ ഗോതമ്പ് സ്റ്റോക്ക് ഉണ്ടെന്നാണ് സെക്രട്ടറി ജോഷ്വാ മാത്യു രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കോന്നി എആർ എസ് ബിന്ദു നടത്തിയ പരിശോധനയിൽ ഇത് കണ്ടെത്താൻ കഴിഞ്ഞില്ല.
സ്വകാര്യ കമ്പനിയായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഫാക്ടറിയുടെ മാനേജിങ്ങ് ഡയറക്ടറും ജോഷ്വാ മാത്യു തന്നെയാണ്. ഫാക്റിയുടെ പേരിൽ സെക്രട്ടറി പണം അപഹരിച്ചെന്നാണ് എആർ നൽകിയ പരാതിയിൽ പറയുന്നത്. സഹകരണ വകുപ്പ് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ബാങ്കിലെ ജീവനക്കാരും സെക്രട്ടറിക്കും ഭരണസമിതി പ്രസിഡന്റിനുമെതിരെ മൊഴി നൽകിരുന്നു. ഭരണസമിതിക്കെതിരെ ബാങ്കിൽ ജീവനക്കാർ നടത്തുന്ന സമരം തുടരുകയാണ്. ഇതോടെ മൈലപ്രയിലെ ഹെഡ് ഓഫീസിന്റെയും മണ്ണാറാക്കുളഞ്ഞി, ശാന്തിനഗർ ബ്രാഞ്ചുകളുടെയും പ്രവർത്തനം പൂർണതോതിൽ നിന്നു. പണം പിൻവലിക്കാൻ എത്തുന്ന നിക്ഷേപകർക്ക് കൊടുക്കാൻ ബാങ്കിൽ കാശില്ല
തട്ടിപ്പ് കേസിലെ പ്രതിയായ സെക്രട്ടറി ജോഷ്വാ മാത്യു ഈ മാസം 31 ന് ബാങ്കിൽ നിന്ന് വിരമിക്കുകയാണ്. വിശ്വാസ വഞ്ചനകുറ്റം ചുമത്തിയ പൊലീസ് കേസെടുത്തതോടെ ചികിത്സക്കെന്ന പേരിൽ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ് ജോഷ്വാ മാത്യു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam