
തിരുവനന്തപുരം: തിരുവനന്തപുരം ആർഡിഒ കോടതിയിൽ നിന്ന് തൊണ്ടിമുതലുകള്‍ കാണാതായ സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം എ ജി നടത്തിയ ഓഡിറ്റിലും സ്വർണ്ണമെല്ലാം ലോക്കറിലുണ്ടെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ 2010 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ലോക്കറിലെത്തിയ സ്വർണവും പണവും കാണാനില്ലെന്നാണ് സബ് കളക്ടർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പരിശോധയിലുണ്ടായ വീഴ്ചയാണോ, അതോ എജി റിപ്പോർട്ടിനു ശേഷമാണോ മോഷണമെന്ന് പൊലീസ് അന്വേഷണം തുടങ്ങി.
1982 മുതലുള്ള തൊണ്ടിമുതലുകളാണ് സബ്- കളക്ടർ പരിശോധിച്ചത്. ഇതിൽ 2010 മുതൽ 2019 വരെ ആർഡിഒ ലോക്കറിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളാണ് മോഷണം പോയിരിക്കുന്നതായി കണ്ടെത്തിയത്. 69 പവൻ സ്വർണ്ണവും പണവും വെളളിയാഭരണങ്ങളുമാണ് കാണാതെ പോയിരിക്കുന്നത്. 2021 ഫ്രെബ്രുവരിയിലെ എജിയുടെ പരിശോധന റിപ്പോർട്ടനുസരിച്ച് 2017 മുതൽ ലോക്കറിലേക്കെത്തിയ 220 ഗ്രാം സ്വർണവും സുരക്ഷിതമാണ്. അങ്ങനെയെങ്കിൽ എജിയുടെ റിപ്പോർട്ടിന് ശേഷം ഒരുപക്ഷെ തൊണ്ടിമുതൽ മാറ്റിയതാകാം. അല്ലെങ്കിൽ പരിശോധനകളിൽ എവിടെയോ പിഴവ് സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കോടതിയിൽ നിന്ന് തൊണ്ടിമുതല്‍ നഷ്ടപ്പെട്ട സംഭവം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ
ആർഡിഒ ഓഫീസിലെ സീനിയർ സൂപ്രണ്ടുമാകാണ് തൊണ്ടിമുതലിന്‍റെ കസ്റ്റോഡിയൻ. ഓരോ സൂപ്രണ്ടുമാർ മാറിവരുമ്പോഴും തൊണ്ടിമുതലുകള്‍ പരിശോധിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷമാണ് ചുമതലേൽക്കണ്ടത്. 2017ൽ ചുമതലയേറ്റ ഒരു സൂപ്രണ്ടുമാത്രമാണ് തൊണ്ടിമുതൽ ഓരോന്നും പരിശോധിച്ച് രജിസ്റ്ററിൽ രേഖപ്പെടുത്തിയശേഷം ചുമതലയേറ്റത്. അതിനുശേഷം ചുമതലയേറ്റ ഉദ്യോഗസ്ഥർ കൃത്യമായി പരിശോധന നടത്തിയിട്ടില്ല. അതിനാൽ 2017 മുതലുള്ള എല്ലാ സീനിയർ സൂപ്രണ്ടുമാരെയും പൊലീസ് ചോദ്യം ചെയ്യും. തൊണ്ടിമുതൽ രജിസ്റ്ററുകളും തൊണ്ടിമുതലുകളും പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. രജിസ്റ്ററും തൊണ്ടിമുതലുകളും താരതമ്യം ചെയ്ത് പരിശോധിക്കാൻ രണ്ട് ദിവസം വേണ്ടിവരുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിജിലൻസിന് കേസ് കൈമാറുന്നതുവരെ പൊലീസ് അന്വേഷണം തുടരും.