
ദില്ലി: മിത്ത് വിവാദത്തില്‍ സുപ്രീംകോടതിയിൽ ഹർജി. സ്പീക്കർ ഷംസീറിനെതിരെ കേരള പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി എത്തിയത്. സനാതന ധർമ്മ വിവാദത്തിൽ ഉദയനിധി സ്റ്റാലിൻ്റെ പ്രസ്താവനയിൽ തമിഴ്നാട് പൊലീസിനെതിരെയും ഹർജിയിൽ നടപടി ആവശ്യപ്പെടുന്നുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ഹർജിയിൽ പറയുന്നു. വിദ്വേഷപ്രസംഗക്കേസുമായി ബന്ധപ്പെട്ടാണ് ഹർജി. പികെഡി നമ്പ്യാരാണ് ഹർജി നൽകി.
ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് ഷംസീര്‍ പറഞ്ഞത്. വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താൻ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്നാണ്. എന്നാൽ, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍ എസ്എസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തിയെങ്കിലും നിലപാടിലുറച്ച് നിൽക്കുകയാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല. ഭരണ ഘടന സംരക്ഷിക്കപ്പെടണം. ഭിന്നിപ്പ് ഉണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കരുത്. അത് ഓരോ വിദ്യാർത്ഥികളും ഉറപ്പ് വരുത്തണം. കേരളം മതനിരപേക്ഷതയുടെ മണ്ണാണെന്നും എ എന്‍ ഷംസീര്‍ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam