പ്രതിഷേധം തള്ളി മുരളീധരന്‍: വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറിപ്പിന് സാധ്യതയേറി

By Web TeamFirst Published Sep 25, 2019, 2:26 PM IST
Highlights

2011-ല്‍ താന്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ ഇതിലും ഇരട്ടി പ്രതിഷേധമുണ്ടായിരുന്നുവെന്നും ഒടുവില്‍ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണെന്നും പീതാംബരക്കുറിപ്പിനെതിരായ പ്രതിഷേധങ്ങളെ തള്ളി മുരളീധരന്‍.

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ എന്‍. പിതാംബരക്കുറിപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയേറി. വട്ടിയൂര്‍ക്കാവിലെ സിറ്റിംഗ് എംഎല്‍എയായിരുന്ന കെ.മുരളീധരന്‍റെ ശക്തമായ പിന്തുണയാണ് പീതാംബരക്കുറിപ്പിന് തുണയായത്. 

തന്‍റെ പിന്‍ഗാമിയാവാന്‍ അനുയോജ്യന്‍ പീതാംബരക്കുറിപ്പാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുരളീധരന്‍ വ്യക്തമാക്കി. രാവിലെ പീതാംബാരക്കുറിപ്പിനെതിരെ വട്ടിയൂര്‍ക്കാവില്‍ നിന്നുള്ള പ്രാദേശിക നേതാക്കളുടെ പ്രതിഷേധമുണ്ടായെങ്കിലും ഇതിനെ അവഗണിച്ചാണ് മുരളീധരന്‍ പീതാംബരക്കുറിപ്പിനെ പിന്തുണയ്ക്കുന്നത്. 

പീതാംബരക്കുറിപ്പിനെതിരെയുണ്ടായ പ്രതിഷേധങ്ങളെ തള്ളിക്കളഞ്ഞ മുരളീധരന്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമാണ് പ്രധാനമെന്നും എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് അനാവശ്യമായ വിഭാഗീയതയ്ക്ക് ശ്രമിക്കുന്നത് പ്രതിഷേധിക്കുന്നവരുടെ നല്ലതിനാവില്ലെന്നും മുന്നറിയിപ്പ് നല്‍കി. 

കെപിസിസിയിലുണ്ടായ പ്രതിഷേധങ്ങളെ താന്‍ അങ്ങനെയെ കാണുന്നുള്ളൂ എന്നു പറഞ്ഞ മുരളീധരന്‍ 2011-ല്‍ താന്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ ഇതിലും ഇരട്ടി പ്രതിഷേധമുണ്ടായിരുന്നുവെന്നും ഒടുവില്‍ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. 

കോന്നിയില്‍ റോബിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് അടൂര്‍ പ്രകാശ് കെപിസിസിയിലും ശക്തമായി ആവശ്യപ്പെട്ടു. അടൂരില്‍ എസ്. രാജേഷിന്‍റേയും എറണാകുളത്ത് ടിജെ വിനോദിന്‍റേയും പേരുകള്‍ക്കാണ് ഈ ഘട്ടത്തില്‍ മുന്‍തൂക്കം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമുദായിക  സമവാക്യം പാലിക്കണമെന്ന പൊതുവികാരമാണ് കെപിസിസിയില്‍ ഉയര്‍ന്നത്. 

രാവിലെ ഇന്ദിരാഭവനില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതിയോഗത്തിന് ശേഷം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രത്യേകം കണ്ട് ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്. സിറ്റിംഗ് എംപിമാരുടെയടക്കം അഭിപ്രായം തേടിയ ശേഷം ഇന്നോ നാളെയോ ആയി മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കൂടി ചര്‍ച്ച നടത്തി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാനാണ് തീരുമാനം.

നാല് മണ്ഡലങ്ങളിലേക്കും ഒരാളുടെ മാത്രം പേരോ ഒന്നിലേറെ ആളുകളുടെ പേരോ ശുപാര്‍ശ ചെയ്തേക്കാം. അതേസമയം കോന്നിയില്‍ അടൂര്‍ പ്രകാശ് മുന്നോട്ട് വച്ച റോബിന്‍ പീറ്ററുടെ പേരിനോട് പത്തനംതിട്ടയില്‍ നിന്നുള്ള നേതാക്കള്‍ തന്നെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയാണ്. എന്നാല്‍ മറിച്ചൊരാളുടെ പേര് അവര്‍ക്ക് മുന്നോട്ട് വയ്ക്കാന്‍ സാധിക്കാതെ വന്നതോടെ മുന്‍തൂക്കം റോബിന് തന്നെയാണ്.

 

click me!