`ചിലർ അന്തസ്സോടെ പടിയിറങ്ങും, ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും'; വിരമിക്കൽ ദിനത്തില്‍ എ ജയതിലകിനെതിരെ എന്‍ പ്രശാന്ത്

Published : Jun 30, 2026, 01:05 PM IST
N Prasanth , A Jayathilak

Synopsis

വിരമിക്കൽ ദിനത്തില്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ എന്‍ പ്രശാന്ത് ഐഎഎസ്. ചീഫ് സെക്രട്ടറി വിരമിക്കുന്ന ദിവസമാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. ജയതിലകിന്റെ ഫോട്ടോ അടക്കം കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

തിരുവനന്തപുരം: വിരമിക്കൽ ദിനത്തില്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ എന്‍ പ്രശാന്ത് ഐഎഎസ്. താൻ തന്നെയാണ് അധിപൻ എന്ന് അഹങ്കരിക്കുന്ന ആളാണ് ജയതിലക് എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. ചിലർ അന്തസ്സോടെ പടിയിറങ്ങും. മറ്റ് ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും എന്നാണ് പോസ്റ്റിൽ പറയുന്നത്. ചീഫ് സെക്രട്ടറി വിരമിക്കുന്ന ദിവസമാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. ജയതിലകിന്റെ ഫോട്ടോ അടക്കം കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

ധർമ്മോ രക്ഷതി രക്ഷിതഃ

അധികാരത്തിന്റെ ശീതളഛായയിൽ മതിമറന്നു ജീവിക്കുന്നവർ പലപ്പോഴും ഓർക്കാതെ പോകുന്ന ഒരു നിസ്സാരകാര്യമുണ്ട് - തലമുറകളായി നമ്മൾ കണ്ടുപോന്ന ഈ അധികാരക്കസേരകളൊക്കെയും വെറും താൽക്കാലിക താവളങ്ങൾ മാത്രമാണെന്ന സത്യം. അഞ്ചോ പത്തോ കൊല്ലം ഭരണത്തിന്റെ ചെങ്കോൽ കയ്യിലിരിക്കുമ്പോൾ താൻ തന്നെയാണ് ഈ നാടിന്റെ അധിപനെന്ന് അഹങ്കരിക്കുന്ന രാഷ്ട്രീയക്കാരെക്കാൾ കഷ്ടമാണ്, മുപ്പതുകൊല്ലം അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ഫയലുകൾക്ക് മുകളിൽ വിധി കുറിച്ച ഉദ്യോഗസ്ഥമേധാവികളുടെ മതിഭ്രമം.

അധികാരസ്ഥാനത്തിരിക്കുന്നവരുടെ ഇത്തരം വിഭ്രാന്തികൾക്ക് സഹാനുഭൂതിയോടെയുള്ള ചികിത്സാപദ്ധതികൾ നിലവിലില്ല എന്നതാണ് നമ്മുടെ ശാപം. വിസ്മൃതിയുടെ ഇരുളിലേക്ക് ആരും നോക്കാത്ത ഒരു പഴയ ഫയൽ പോലെ വലിച്ചെറിയപ്പെടും വരെ, തങ്ങൾക്ക് ഇവിടെ അസ്തമയമില്ലെന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു. കാലം അവരെ തൂത്തെറിയും വരെ അവരെ സഹിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ.

ജനനത്തിന്റെ ഏകാന്തതയ്ക്കും മരണത്തിന്റെ ശൂന്യതയ്ക്കുമിടയിൽ മനുഷ്യൻ കെട്ടിയാടുന്ന ഈ കോലാഹലങ്ങളെ പൂന്താനം എത്ര ലളിതമായാണ് ജ്ഞാനപ്പാനയിൽ പരിഹസിച്ചത്. 'കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും' എന്ന് നമ്മൾ പാടിപ്പഠിച്ചത് വെറുതെയല്ല. ഈ കസേരകളും ചുവന്ന നാട കെട്ടിയ ഫയലുകളും ഈ വടംവലികളും ഒടുവിൽ 'മധ്യേയിങ്ങനെ കാണുന്ന നേരത്തെ' വെറും പിടിവാശികൾ മാത്രമാണ്. അധികാരത്തിന്റെ ആ മരീചിക ഒഴിഞ്ഞുപോകുമ്പോൾ കസേരത്തിലേക്ക് മറ്റൊരാൾ വന്നിരിക്കും; നാമപ്പലകകൾ അഴിച്ചുമാറ്റപ്പെടും. ഇന്നലെവരെ ഉത്തരവുകൾ കേട്ട് വിറങ്ങലിച്ചുനിന്ന ആ വരാന്തകൾ ഒരൊറ്റ രാത്രികൊണ്ട് ആ പഴയ കാൽപെരുമാറ്റങ്ങളുടെ ഓർമ്മകളെപ്പോലും പാടെ തുടച്ചുമാറ്റും. പദവികളിൽ നിന്നുള്ള ഈ പടിയിറക്കം, ഒരർത്ഥത്തിൽ ജീവിച്ചിരിക്കുമ്പോഴുള്ള മരണം തന്നെയാണ്.

ഭഗവദ്ഗീതയിൽ പറയുന്നതുപോലെ, സ്വാർത്ഥതയും മോഹവും ബുദ്ധിയെ നാശത്തിലേക്കേ നയിക്കൂ. പണത്തോടുള്ള ആർത്തിയേക്കാൾ ഭയാനകമാണ് എല്ലാം എന്റെ കൈപ്പിടിയിലൊതുക്കണമെന്ന ഈ അധികാരഭ്രമം. ഇക്കൂട്ടർ വരുംതലമുറയ്ക്ക് നൽകുന്ന പാഠങ്ങൾ എത്രമാത്രം വിഷലിപ്തമാണെന്ന് ആലോചിച്ചുനോക്കൂ. മനുഷ്യർ ഔദ്യോഗിക പദവികൾ നേടേണ്ടത് യോഗ്യത കൊണ്ടല്ല, മറിച്ച് ചില വലിയ തമ്പുരാക്കന്മാർക്ക് വഴിവിട്ട ഒത്താശകൾ ചെയ്തു കൊടുക്കാനുള്ള സന്നദ്ധത കൊണ്ടാണ് എന്നവർ തെളിയിക്കുന്നു. സ്വാധീനവും, കൃത്യസമയത്ത് മിണ്ടാതിരിക്കാനുള്ള തന്ത്രവും, അധർമ്മത്തിന് കൂട്ടുനിൽക്കുന്നതും, തെറ്റ് ചെയ്യാൻ പരസ്പരം തുണയാകുന്നതുമാണ് പെട്ടെന്ന് വളരാൻ നല്ലതെന്ന് ഇവർ തുടക്കത്തിലേ പഠിച്ചുവെച്ചിട്ടുണ്ട്. എങ്കിലും കാലത്തിന്റെ വലിയ പുസ്തകത്തിൽ ഇതൊക്കെയും രേഖപ്പെടുത്തുക തന്നെ ചെയ്യും.

ഭരണകൂടത്തിന്റെ ഉമ്മറങ്ങളിൽ നടക്കാറുള്ള യാത്രയയപ്പ് ചടങ്ങുകളും, തൊണ്ടയിടറി വായിക്കുന്ന മംഗളപത്രങ്ങളും പലപ്പോഴും കപടമായ ആചാരങ്ങൾ മാത്രമാണ്. വിടപറഞ്ഞു പോകുന്ന ഒരാളെക്കുറിച്ച് പരസ്യമായി നിന്ദ്യമായി സംസാരിക്കരുതെന്ന ലൗകികമായ ഒരു മര്യാദ. അവിടെ ക്രൂരതകൾക്ക് ‘കർക്കശനിലപാട്’ എന്നും, ആരെയും വകവെക്കാത്ത അഹങ്കാരത്തിന് ‘ഭരണപരമായ ദൃഢത’ എന്നും, ചെയ്തുകൂട്ടിയ അഴിമതികൾക്ക് ‘സാമർത്ഥ്യം’ എന്നും പുതിയ പേരിട്ട് വിളിക്കുന്നു. അവരുടെ ഉള്ളിലെ ഭയത്തെ അച്ചടക്കമായും, നാടിന് വരുത്തിവെച്ച പരിക്കുകളെ വെറും വിവാദങ്ങളായും മാറ്റിയെഴുതാൻ ചട്ടംകെട്ടി വെച്ച ചില സ്തുതിപാഠകരുണ്ടാകും. ആ ചടങ്ങിൽ വായിക്കാനുള്ള ഡ്രാഫ്റ്റ് പോലും ഇവർ തന്നെ എഴുതിക്കൊടുക്കും എന്നതാണ് ഇതിലേറ്റവും വലിയ കൗതുകം!

ഇത്തരം കാപട്യങ്ങളെയാണ് മത്തായിയുടെ സുവിശേഷം 23-ാം അധ്യായം 27-ാം വാക്യത്തിൽ യേശുദേവൻ കൃത്യമായി അടയാളപ്പെടുത്തിയത്:

"കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ വെള്ളയടിച്ച ശവക്കല്ലറകൾക്ക് സദൃശരാകുന്നു; അവ പുറമെ ഭംഗിയായി കാണപ്പെടുന്നു എങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകല അശുദ്ധിയും നിറഞ്ഞിരിക്കുന്നു."

അതായത്, ഒളിച്ചുവെക്കാൻ ഒട്ടനവധി അസ്ഥികൂടങ്ങളുള്ളവരും കള്ളന് കഞ്ഞി വെച്ചവരും ആരാണെന്നറിയാൻ ഈ സ്തുതിപാഠകരുടെ പട്ടിക മാത്രം നോക്കിയാൽ മതിയാകും. നിലനിൽപ്പിനായി പുകഴ്ത്തുക എന്നത് അവരുടെയൊക്കെ അനിവാര്യതയാണ്. തങ്ങളുടെ കീഴിലുള്ളവരെ അവസരവാദത്തിന്റെ കണക്കപ്പിള്ളമാരാക്കി മാറ്റുകയും, സത്യത്തേക്കാൾ പ്രധാനം സുഖിച്ചു ജീവിക്കലാണെന്ന് ശീലിപ്പിക്കുകയും ചെയ്യുന്നവർ പടിയിറങ്ങുമ്പോൾ ബാക്കിവെക്കുന്നത് തങ്ങൾ തകർത്തുകളഞ്ഞ ഒരു ഭരണസംവിധാനമാണ്. ഇങ്ങനെ വാർത്തെടുത്ത ഭീരുക്കളെയും അഴിമതിവീരന്മാരെയും തിരിച്ചറിയാനുള്ള കൃത്യമായ അടയാളമാണ് ഈ സ്തുതിപാഠകരുടെ കൂട്ടം.

ഇങ്ങനെയുള്ള അധികാരമാഹാത്മ്യങ്ങൾ തങ്ങളുടെ പാപക്കറകൾ എവിടെയും വ്യക്തമായി ബാക്കിവെക്കാറില്ല. പകരം ചില കറുത്ത അടിക്കുറിപ്പുകൾ മാത്രം ചരിത്രത്തിൽ ശേഷിപ്പിക്കും. പ്രകൃതിയെയും പാവപ്പെട്ടവന്റെ മണ്ണിനെയും ചൂഷണം ചെയ്യാൻ ഭരണകൂട ഉത്തരവുകളുടെ വരികൾക്കിടയിൽ അവ്യക്തതകളുടെ കൊടുവാൾ ഒളിപ്പിച്ചുവെക്കുന്നതും, സ്വന്തം താല്പര്യങ്ങൾക്കായി പൊതുപദവികളെ ദല്ലാൾപ്പണിക്ക് വിട്ടുകൊടുക്കുന്നതും, അധികാരത്തിന്റെ ദുരുപയോഗം എത്ര നിശ്ശബ്ദമായും എത്ര ഭീകരമായും ചെയ്യാമെന്നതിന്റെ തെളിവുകളാണ്. അതിശക്തർക്കൊപ്പം നിന്ന് മുട്ടിൽ മരം മുറിച്ചതു കാരണം കേസിൽ കുടുങ്ങിപ്പോയ അനവധി പാവങ്ങളുടെ ശാപം കഴുകിക്കളയാൻ 'സ്പൈസസ് ബോർഡി'ലെ എല്ലാ സുഗന്ധവ്യഞ്ജനങ്ങൾക്കും സാധിച്ചെന്ന് വരില്ല. നീതിയെയും സ്ഥാപനങ്ങളെയും തകിടം മറിക്കുന്നതും, സത്യത്തോടുള്ള വഞ്ചനയും, പൊതുവിശ്വാസത്തെ അങ്ങാടിയിൽ വിൽക്കുന്നതുമെല്ലാം കുറ്റകൃത്യമാണെങ്കിലും ഇവർക്ക് വെറും ഔദ്യോഗിക കൃത്യങ്ങൾ മാത്രമാണ്.

വിരമിക്കൽ ദിനത്തിൽ നമ്മുടെ സംസ്കാരം നമ്മോട് ആവശ്യപ്പെടുന്നത് ആത്മസംയമനമാണ്. അധികാരമില്ലാതായി മാറുന്ന ഒരു മനുഷ്യന്റെ വീഴ്ചയെ അശ്ലീലമായി ആഘോഷിക്കാതിരിക്കാനുള്ള മാന്യത നാം കാണിക്കണം. എന്നാൽ ക്ഷമിക്കുക എന്നതിന് ചരിത്രത്തിന്റെ താളുകൾ കീറിക്കളയുക എന്ന് അർത്ഥമില്ല. വരുംതലമുറയ്ക്ക് നന്മയും തിന്മയും വേർതിരിച്ചറിയാനുള്ള ബോധമുണ്ടാകണം. ഭയത്തെ ഒരിക്കലും ബഹുമാനമായും, ഭീരുക്കളുടെ മൗനത്തെ സമ്മതമായും, പിടിക്കപ്പെടാതിരുന്നതിനെ വിശുദ്ധിയായും ആരും വ്യാഖ്യാനിക്കരുത്. വ്യക്തിപരമായി ക്ഷമിക്കുമ്പോൾ തന്നെ, സമയമെടുത്തിട്ടാണെങ്കിലും നിയമലംഘനങ്ങൾക്ക് നടപടി ഉണ്ടാവുക തന്നെ വേണം. ധർമ്മം പുനഃസ്ഥാപിക്കപ്പെടുക തന്നെ വേണം.

ഈ സംവിധാനം എല്ലാവർക്കും പകരക്കാരെ കണ്ടെത്തും. ആ വലിയ ഓഫീസ് മേശ തുടച്ചു വൃത്തിയാക്കപ്പെടും, അടുത്ത ആൾ വന്നിരിക്കും, ഫയലുകൾ വീണ്ടും ചലിച്ചുതുടങ്ങും. ഒരിക്കൽ ഒരാളുടെ മാത്രം അപ്രമാദിത്വത്തിലാണെന്ന് തോന്നിച്ച ആ വലിയ ഭരണയന്ത്രം, താൻ പോയാലും ഒന്നും സംഭവിക്കില്ലെന്ന വലിയ യാഥാർത്ഥ്യത്തോടെ മുന്നോട്ടുപോകും. ചിലർ അന്തസ്സോടെ പടിയിറങ്ങും; ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും. ഇക്കൂട്ടർ ചരിത്രത്തിൽ അവശേഷിപ്പിക്കുന്നത് ഒരു പൊതുസേവകൻ ഒരിക്കലും എന്തായിത്തീരരുത് എന്നതിന്റെ ഉദാഹരണം മാത്രമാണ്. ചുവരുകളിൽ വെള്ളയടിച്ച ശവക്കല്ലറകളുടെ ഭംഗി ബാക്കിയുണ്ടാകാം, പക്ഷേ കാലത്തിന്റെ വിചാരണയിൽ നിന്നും ആർക്കും ഒളിച്ചോടാനാകില്ല. നന്നായി വരട്ടെ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടെന്ന് സൂചന, കൂട്ടാളികളും ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പൊലീസ്
കോഴിക്കോട് നിന്ന് പിടികൂടിയ ബം​ഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി; വ്യാജ തിരിച്ചറിയല്‍ രേഖയും സിം കാർഡും നേടിയെടുത്തതിലും അന്വേഷണം