
കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ അനധികൃതമായി താമസിച്ച ബംഗ്ലാദേശി പൗരന്മാരെ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. വ്യാജ തിരിച്ചറിയല്‍ രേഖ, സിം കാര്‍ഡ് എന്നിവ ഇവര്‍ നേടിയെടുത്തത് എങ്ങനെയെന്നാണ് പ്രധാനമായും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. ഇവര്‍ക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്നും അന്വേഷണം തുടങ്ങി.
മൂന്ന് ബംഗ്ലാദേശി പൗരന്മാരെയാണ് മാവൂര്‍ പൊലീസ് പിടികൂടിയത്. മുഹമ്മദ് വുലഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനധികൃതമായി രാജ്യത്തേക്ക് അതിക്രമിച്ച് കടന്നതിനാണ് കേസെടുത്തത്. എന്നാല്‍, ഇവര്‍ക്ക് മറ്റെന്തെങ്കിലും ബന്ധങ്ങള്‍ ഉണ്ടോ എന്ന് കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്. വ്യാജ തിരിച്ചറിയല്‍ രേഖ, സിം കാര്‍ഡ് എന്നിവ ഇവര്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ ഉറവിടവും അന്വേഷണ പരിധിയിലുണ്ട്.20 ദിവസമേ ആയുള്ളൂ ഇവിടെ എത്തിയിട്ടെന്നാണ് അറസ്റ്റിലായവരുടെ മൊഴി.
കല്‍പ്പള്ളിയില്‍ എത്തുന്നതിന് മുന്‍പ് ഇവര്‍ മലപ്പുറം എടവണ്ണപ്പാറയില്‍ താമസിച്ചതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളുടെ ഫോണും മറ്റ് രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ജോലി നല്‍കിയവരെ കുറിച്ചും അന്വേഷണം ഉണ്ടാകും. പ്രാഥമികമായി കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് മാവൂര്‍ പൊലീസ് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് റെയ്ഡ് നടത്തി മൂന്ന് ബംഗ്ലാദേശി പൗരന്മാരെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam