
തിരുവനന്തപുരം: ശബരിമല സ്വർണ കവർച്ച കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടു. രാവിലെ 11 മണിയ്ക്ക് കസ്റ്റഡി അപേക്ഷ പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി വൈകിട്ട് 4 മണി വരെ വാസുവിനെ കസ്റ്റഡിയിൽ നൽകുകയായിരുന്നു. കൊട്ടാരക്കര സബ് ജയിലിൽ കഴിഞ്ഞ വാസുവിനെ വൻ പൊലീസ് സുരക്ഷയിലാണ് കോടതിയിൽ എത്തിച്ചത്. കസ്റ്റഡിയിൽ വാങ്ങിയ വാസുവുമായി പോയ പൊലീസ് വാഹനത്തിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയാണ് വാഹനം കടത്തിവിട്ടത്. മുൻ കമ്മീഷണറും പ്രസിഡൻറുമായ എൻ.വാസു സ്വർണപാളി കേസിൽ മൂന്നാം പ്രതിയാണ്.
സ്വർണ്ണക്കൊള്ളയിൽ പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷയിലും ഇന്ന് വാദം തുടരും. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും മുരാരി ബാബു പ്രതിയാണ്. ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ കേസിൽ നേരിട്ട് പങ്കുള്ള മുരാരി ബാബുവിന് ജാമ്യം നൽകരുതെന്ന് ഇന്നലെ പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള കടമ മാത്രമാണ് ചെയ്തതെന്നും കവർച്ചയിൽ പങ്കില്ലെന്നുമായിരുന്നു മുരാരി ബാബുവിന്റെ വാദം.