തിരുവനന്തപുരത്ത് മോട്ടോർവാഹന വകുപ്പിന്റെ വ്യാപക പരിശോധന; ടാക്സ് അടയ്ക്കാത്ത അന്തർസംസ്ഥാന ബസുകൾ പിടിച്ചെടുത്തു

Published : Nov 20, 2025, 12:29 PM IST
Tax evasion

Synopsis

തിരുവനന്തപുരത്ത് ടാക്സ് അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കി. കഴക്കൂട്ടം ഉൾപ്പെടെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ പത്തോളം ബസുകൾ പിടികൂടി പിഴ ചുമത്തി. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ടാക്സ് അടയ്ക്കാതെ ഓടുന്ന അന്തർസംസ്ഥാന ബസുകൾ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് പരിശോധന തുടങ്ങി. ജില്ലയിൽ കഴക്കൂട്ടത്ത് ഉൾപ്പെടെ മൂന്നിടത്തായി നടത്തിയ പരിശോധനയിൽ പത്തോളം ബസുകളാണ് പിടികൂടിയത്. കഴക്കൂട്ടത്തു നിന്ന് പിടികൂടിയ മൂന്ന് ബസുകൾക്ക് മാത്രം പത്തുലക്ഷം രൂപയിലധികമാണ് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയത്. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന പല ബസുകളും ടാക്സ് അടയ്ക്കാതെയാണ് ഓടുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാവിലെ മുതൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചത്. തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിദിന അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ മിനിമം മൂന്നുമാസത്തെ ടാക്സ് അടയ്ക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും പലരും ഒരു മാസത്തെയും ഒറ്റത്തവണ സർവീസിനുള്ള ചെറിയ ടാക്സ് അടച്ചാണ് ഓടുന്നത്.

നേരത്തെ മോട്ടോർ വാഹന വകുപ്പ് ഇത്തരക്കാരെ കണ്ടെത്തി ബാക്കിയുള്ള ടാക്സ് അടയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും അടയ്ക്കാതിരുന്നവർക്കാണ് പിഴ. അമരവിള, തിരുവനന്തപുരം, കഴക്കൂട്ടം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ബെംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെ സ്ഥലങ്ങളിലേക്കുള്ള സർവീസ് ആരംഭിക്കുന്നതിനായി പാർക്കിങ് ഗ്രൗണ്ടിൽ നിറുത്തിയിട്ടിരുന്ന ബസുകളിലടക്കം പരിശോധന നടത്തി. പിഴ ചുമത്തിയ ബസുകൾ പിഴ ഒടുക്കിയശേഷം മാത്രമേ വിട്ടു നൽകൂ എന്ന് ആർടിഒ അറിയിച്ചു. ശബരിമല ഉൾപ്പെടെ തീർഥാടന കേന്ദ്രങ്ങളുടെ പേരിൽ താൽക്കാലിക ടാക്സ് എടുത്ത് പ്രതിദിന സർവീസ് നടത്തുന്നതിനാൽ ക്വാർട്ടർ ടാക്സ് അടയ്ക്കാത്തവരെ കണ്ടെത്താൻ വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്താനാണ് തീരുമാനം.

PREV
Read more Articles on
click me!

Recommended Stories

'അറിഞ്ഞ് വളർത്തിയവർ മിണ്ടിയില്ല'; രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ മാത്യു കുഴൽനാടൻ; മറ്റൊരാളുടെ പോസ്റ്റ് പങ്കുവെച്ച് പ്രതികരണം
കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'