
കല്‍പ്പറ്റ: കേരളത്തിന്‍റെയാകെ നെഞ്ചു തകർത്ത് ഉരുളിന്‍റെ മഹാദുരന്തം ഉണ്ടായപ്പോൾ ഉമ്മയ്ക്കൊപ്പം അത്ഭുതകരമായി രക്ഷപ്പെട്ട നൈസ മോളെ ഓര്‍മ്മയില്ലേ. പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് ദുരന്ത ഭൂമിയിൽ വന്നപ്പോൾ ഷേക്ക് ഹാന്‍ഡ് കൊടുത്തും താടിയിൽ പിടിച്ചും രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ആ മിടുക്കി തന്നെ. ആ ദുരന്തത്തിന്‍റെ വേദന മറക്കാനാവില്ലെങ്കിലും നൈസ മോളും ഉമ്മയും ഇപ്പോൾ ഒരുപാട് സന്തോഷത്തിലാണ്. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ പണി കഴിപ്പിച്ച ടൗണ്‍ഷിപ്പിലെ ഫേസ് ഒന്ന് ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ച വീടുകൾക്കുള്ള നറുക്കെടുപ്പ് നടന്നപ്പോൾ നൈസമോള്‍ക്കും കുടുംബത്തിനും വീട് ലഭിച്ചു.
178 വീടുകള്‍ കൈമാറുന്നതിനുള്ള നറുക്കെടുപ്പ് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിലാണ് ടന്നത്. ടൗണ്‍ഷിപ്പിലെ നാലാം സോണില്‍ 252-ാം നമ്പറിലുള്ള വീടാണ് ലഭിച്ചതെന്ന് നൈസമോളുടെ ഉമ്മ ജസീല ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വളരെയധികം സന്തോഷവും ആശ്വാസവുമുണ്ടെന്നും ജസീല പറഞ്ഞു. പുതിയതായി ലഭിച്ച വീട്ടിൽ വീട്ടില്‍ താമസിക്കാന്‍ ഇനിയും അല്‍പ്പം കൂടെ കാത്തിരിക്കണം. പ്രവൃത്തി പൂര്‍ത്തികരിക്കാന്‍ രണ്ടുമാസത്തിനടുത്ത സമയം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ ഇവരെ അറിയിച്ചിരിക്കുന്നത്.
സിപിഎം ജില്ലാ സെക്രട്ടറി നൈസ മോൾക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. എല്ലാ അവഗണനകളേയും പ്രതിബന്ധങ്ങളേയും അതിജീവിച്ച് സംസ്ഥാന സർക്കാർ നൈസ മോൾ ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവർക്ക് വീടൊരുക്കിയിരിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. വാഗ്ദാനങ്ങൾക്കപ്പുറം കേരളത്തിന് അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിച്ചത് ആ കുഞ്ഞിനോടുൾപ്പെടെ കാണിച്ച അനീതിയാണ്. ദുരന്ത ബാധിതരെ മനുഷ്യരായിപ്പോലും കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും പരിഗണിച്ചില്ലെന്നും റഫീക്ക് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam