പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്: ഇടപെടാനില്ലെന്ന് സുപ്രീം കോടതി; നജീബ് കാന്തപുരം ഹർജി പിൻവലിച്ചു

Published : Feb 27, 2023, 05:01 PM IST
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്: ഇടപെടാനില്ലെന്ന് സുപ്രീം കോടതി; നജീബ് കാന്തപുരം ഹർജി പിൻവലിച്ചു

Synopsis

മണ്ഡലത്തിൽ നിന്നുള്ള നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വിചാരണ തുടരാനാവും

ദില്ലി: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നജീബ് കാന്തപുരം എംഎൽഎയുടെ സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി കെ പി എം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്. കേസിന്റെ പ്രാഥമിക ഘട്ടമായതിനാല്‍ ഇടപെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതോടെ ഹർജി പിൻവലിക്കുകയാണെന്ന് നജീബ് കാന്തപുരത്തിന്റെ അഭിഭാഷകരായ അഭിഷേക് മനു സിങ്‌വിയും, ഹാരിസ് ബീരാനും അറിയിച്ചു.

ഇതോടെ മണ്ഡലത്തിൽ നിന്നുള്ള നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വിചാരണ തുടരാം .  തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ഗരേഖയുടെ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ കഴിയുമോ എന്ന കാര്യം വിചാരണ സമയത്ത് ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ 348 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ പി എം മുസ്തഫ തിരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ ചെയ്തത്. കെ പി എം മുസ്തഫയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സി യു സിങ്ങും അഭിഭാഷകരായ ഇ എം എസ് അനാമും എം എസ് വിഷ്ണു ശങ്കറും ഹാജരായി.

കേസിൽ പോസ്റ്റൽ വോട്ടുകളും സ്പെഷൽ തപാൽ ബാലറ്റുകളും അടങ്ങിയ പെട്ടികൾ ഇടക്കാലത്ത് കാണാതായതിൽ തുറന്ന കോടതിയിൽ കഴിഞ്ഞ ദിവസം പരിശോധന നടന്നിരുന്നു. ദിവസങ്ങൾക്കു മുൻപ് ഹൈക്കോടതിയിൽ എത്തിച്ച പെട്ടികളാണ് പരിശോധിച്ചത്. തപാൽ വോട്ടുകൾ അടങ്ങിയ വോട്ടുപെട്ടികൾ അലക്ഷ്യമായാണ് സൂക്ഷിച്ചതെന്ന് കോടതി പറഞ്ഞു. ഇരുമ്പ് പെട്ടിയിലെ ഒരു പാക്കറ്റിലെ കവർ കീറിയിട്ടുണ്ട്. സ്പെഷ്യൽ തപാൽ വോട്ടുപെട്ടികളിൽ രണ്ടെണ്ണത്തിൽ റിട്ടേണിംഗ് ഓഫീസറുടെ ഒപ്പുണ്ടായിരുന്നില്ല. ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവന്നതാണോയെന്ന്  സിംഗിൾ ബെഞ്ച് ചോദിച്ചിരുന്നു. തിരഞ്ഞെടുപ്പിലെ ഇത്തരം സംഭവങ്ങൾ അപചയത്തിന്റെ സൂചനയാണെന്ന് വിമർശിച്ച്, തുറന്ന പെട്ടികൾ കോടതി വീണ്ടും സേഫ് കസ്റ്റഡിയിലേക്ക് മാറ്റി.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം