
തിരുവനന്തപുരം: മുന്‍ സിഐ എസ് വിജയനാണ് ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് മുന്‍ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും ചാരക്കേസിന്റെ ഭാഗമായ ഗൂഢാലോചന കേസില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയത്.
സിഐ ആയിരുന്ന എസ് വിജയന്‍ മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മറിയം റഷീദയെ അന്യായ തടങ്കലിൽ വയ്ക്കുകയും ഐബി ടീമിനെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു പീഡനം.
ഹോട്ടൽ മുറിയിൽ വച്ച് മറിയം റഷീദയെ കടന്ന് പിടിച്ചതിലെ പ്രകോപനമാണ് കേസെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. എസ്ഐടി കസ്റ്റഡിയിലുള്ളപ്പോള്‍ പോലും ഐബി ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ചോദ്യം ചെയ്തുവെന്നും സിബിഐ കണ്ടെത്തി.
വ്യാജ രേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ കെ ജോഷ്വയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ചാരവൃത്തി നടത്തിയെന്ന് എഴുതി ചേർത്ത കേസിൽ ഒരു തെളിവുമില്ല. പ്രതി ചേർത്തവരുടെ വീട്ടിൽ നിന്നും ഒന്നും കണ്ടെത്തിയതുമില്ല. ബോസായ സിബി മാത്യൂസിന് വേണ്ടി ജോഷ്വ കൃത്രിമരേഖ യുണ്ടാക്കിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് കസ്റ്റഡിയിൽ വെച്ച് നമ്പി നാരായണനെ മർദ്ദിച്ചുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.
മുൻ എസ്പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, മുൻ സിഐ കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. എഫ്ഐആറിൽ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെ ഒഴിവാക്കിയിരുന്നു. എഫ്ഐആറിൽ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam