എസ്എഫ്ഐക്കാരാൽ കൊല്ലപ്പെട്ട ഒരു കെഎസ്‍യുകാരന്റെ പേര് പറയാമോ? സുധാകരനെ വെല്ലുവിളിച്ച് ശിവൻകുട്ടി

Published : Jan 12, 2022, 06:34 PM IST
എസ്എഫ്ഐക്കാരാൽ കൊല്ലപ്പെട്ട ഒരു കെഎസ്‍യുകാരന്റെ പേര് പറയാമോ? സുധാകരനെ വെല്ലുവിളിച്ച് ശിവൻകുട്ടി

Synopsis

നൂറുകണക്കിന് കെഎസ്‍യു പ്രവർത്തകരുടെ രക്തസാക്ഷിത്വം ആണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ളത് എന്നാണ് സുധാകരൻ പറയുന്നത്. പെരും നുണകളുടെ രാജാവാണ് കെ സുധാകരൻ. 35 ധീര സഖാക്കൾ നഷ്ടമായ പ്രസ്ഥാനമാണ് എസ്എഫ്ഐ

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിൽ സിപിഎമ്മും (Cpim) കോൺ​ഗ്രസും (Congress) നേർക്കുനേർ പോരടിക്കുമ്പോൾ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ (KPCC President K Sudhakaran) വെല്ലുവിളിച്ച് മന്ത്രി വി ശിവൻകുട്ടി (Minister V Sivan kutty). ക്യാംപസിൽ എസ്എഫ്ഐ പ്രവർത്തകരാൽ കൊല്ലപ്പെട്ട ഒരു  കെഎസ്‍യു പ്രവർത്തകന്റെ പേര് പറയാമോ എന്നാണ് ശിവൻകുട്ടിയുടെ ചോദ്യം. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വെല്ലുവിളിക്കുന്നുവെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. നൂറുകണക്കിന് കെഎസ്‍യു പ്രവർത്തകരുടെ രക്തസാക്ഷിത്വം ആണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ളത് എന്നാണ് സുധാകരൻ പറയുന്നത്.

പെരും നുണകളുടെ രാജാവാണ് കെ സുധാകരൻ. 35 ധീര സഖാക്കൾ നഷ്ടമായ പ്രസ്ഥാനമാണ് എസ്എഫ്ഐ. ഇതിൽ പന്ത്രണ്ട് പേരെ കൊന്നത് യൂത്ത് കോൺഗ്രസ്- കെഎസ്‍യു പ്രവർത്തകരാണ്. ജനങ്ങളുടെ പൊതുബോധത്തിൽ വിഷം കലക്കാനാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും കെഎസ്‍യുവും ശ്രമിച്ചിട്ടുള്ളത് എന്ന് എസ്എഫ്ഐ പ്രസിഡന്റ്‌, സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള തനിക്ക് വ്യക്തമായി പറയാൻ കഴിയും.

ഉമ്മൻചാണ്ടി കെഎസ്‍യുവിനെ നയിച്ചിരുന്ന കാലത്ത് പൊലീസ് നടപടിക്കിടെ ഓടയിൽ വീണു മരിച്ച ഗുജറാത്തി ആയ മുൾജി, എങ്ങനെ രക്തസാക്ഷി എന്ന് കെഎസ്‍യു അവകാശപ്പെടുന്ന തേവര മുരളിയായത് എന്ന് മാധ്യമപ്രവർത്തകൻ എൻ എൻ. സത്യവ്രതന്റെ 'വാർത്ത വന്ന വഴി' എന്ന പുസ്തകം വായിച്ചാൽ മനസിലാകും. ആരോഗ്യ പ്രശ്നങ്ങളാൽ മരിച്ച ഫോർട്ട് കൊച്ചിക്കാരനായ മുരളിയെ രക്തസാക്ഷി ആക്കിയ പാരമ്പര്യമാണ് സുധാകരന്റെ പ്രസ്ഥാനത്തിന് ഉള്ളത് .

മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ 1990 ൽ പുതിയവീട്ടിൽ ബഷീർ എന്ന കെഎസ്‍യുവിന്റെ മാഗസിൻ എഡിറ്ററെ തല്ലിക്കൊന്നത് കെഎസ്‍യുക്കാർ തന്നെയാണെന്നത് കെ. സുധാകരൻ ഓർക്കണം. നാലു പതിറ്റാണ്ടു മുമ്പ് നീലക്കൊടി പാറിയിരുന്ന കേരളത്തിലെ കലാലയങ്ങളിൽ കെഎസ്‍യു ഇല്ലാതായത് അവരുടെ കഠാര രാഷ്ട്രീയത്തിനെതിരായ വിദ്യാർഥികളുടെ നിലപാടു മൂലമാണ്. ഇടുക്കിയിൽ യൂത്ത് കോൺഗ്രസ്- കെഎസ്‍യു പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ അപമാനിക്കാനാണ് കെ സുധാകരൻ ശ്രമിക്കുന്നത്.

സുധാകരന്റെ മൗനസമ്മതത്തോടെയാണ് ഈ കൊലപാതകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ശിവർകുട്ടി ആരോപിച്ചു. അതേസമയം, ഇടുക്കി എൻജിനിയറിം​ഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. ധീരജിന്റെ മരണത്തിൽ ഇടതുപക്ഷത്തിന് ദു:ഖമല്ല ആഹ്ലാദമാണ്.തിരുവാതിര കളിച്ച് അവർ ആഹ്ലാദിക്കുന്നു. സ്ഥലം വാങ്ങാൻ ആയിരുന്നു തിടുക്കമെന്നും കെ സുധീകരൻ ആരോപിച്ചു.

ഇടുക്കി എൻജിനിയറിം​ഗ് കോളജിൽ ദിവസങ്ങൾ ആയി അക്രമം അരങ്ങേറിയിരുന്നുവെന്നും കെഎസ്‍യുവിന്റെ വിജയം തടയാൻ ഡിവൈഎഫ്ഐ ഗുണ്ടകൾ കോളേജിൽ ക്യാമ്പ് ചെയ്തിരുന്നുവെന്നും സുധാകരൻ ആരോപിച്ചു. നിരവധി കെഎസ്‍യു പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. 
 

PREV
Read more Articles on
click me!

Recommended Stories

വിധിയെഴുത്തിനൊരുങ്ങി കേരളം; വോട്ട് ചെയ്യും മുൻപ് അറിഞ്ഞിരിക്കേണ്ട ചില കണക്കുകൾ, തെരഞ്ഞെടുപ്പ് ചൂടിൽ മുന്നണികളും സ്ഥാനാർത്ഥികളും
' കേരളത്തിൽ ചെളികളുടെ അളവ് വളരെ കൂടുതലാണ്,കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരിഞ്ഞു കൊണ്ടിരിക്കുന്നത് ' : സുരേഷ് ഗോപി