'നാര്‍ക്കോട്ടിക്ക് ജിഹാദ്'കേള്‍ക്കുന്നത് ആദ്യം, മതപരമായ വേര്‍തിരിവ് ഉണ്ടാക്കരുത്; പാലാബിഷപ്പിനോട് മുഖ്യമന്ത്രി

By Web TeamFirst Published Sep 10, 2021, 7:00 PM IST
Highlights

ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന് നമ്മള്‍ ആദ്യമായി കേള്‍ക്കുകയാണ്. നാര്‍ക്കോട്ടിക്കിന്‍റെ പ്രശ്നം, അത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നുള്ളതാണ്.

തിരുവനന്തപുരം: : ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്തപ്പെട്ട സ്ഥനത്ത് ഇരിക്കുന്നവര്‍ ഇത്തരം പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വേര്‍തിരിവ് ഉണ്ടാകാതിരിക്കാനും അനാവശ്യമായ ചേരികള്‍ സൃഷ്ടിക്കാതിരിക്കാനും അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാലാ ബിഷപ്പ് ബഹുമാന്യനായ മതപണ്ഡിതൻ കൂടിയാണ്. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന് നമ്മള്‍ ആദ്യമായി കേള്‍ക്കുകയാണ്. നാര്‍ക്കോട്ടിക്കിന്‍റെ പ്രശ്നം, അത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നുള്ളതാണ്. അത് സമൂഹത്തെ ആകെ ബാധിക്കുന്നതാണ്.

സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്നം എന്ന നിലയില്‍ നാം എല്ലാവരും അതില്‍ ഉത്കണ്ഠാകുലരാണ്. കഴിയാവുന്ന രീതിയില്‍ ഒക്കെ അതിനെ തടയാനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. തടയാനാവശ്യമായ നിയമ നടപടികള്‍ ശക്തിപ്പെടുത്തുകയുമാണ്. അപ്പോള്‍ നാര്‍ക്കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്‍റെ നിറം ഉണ്ടെന്ന് കാണരുത്. അതിന്‍റെ നിറം സാമൂഹ്യ വിരുദ്ധതയുടേതാണ്.

ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. സാധാരണഗതിയില്‍ ആ ഒരു നിപാടാണ് നാം എടുക്കേണ്ടത്. അദ്ദേഹം ഇക്കാര്യം പറയുമ്പോള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. പറയാനിടയായ സാഹഹര്യവും മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലവ് ജിഹാദിനൊപ്പമാണ് നർക്കോട്ടിക് ജിഹാദും കേരളത്തിലുണ്ടെന്നായിരുന്നു പാലാ ബിഷപ്പ് പറഞ്ഞത്.

ആയുധം  ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്. മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞു. വലിയ വിമര്‍ശനമാണ് ബിഷിപ്പിന്‍റെ പ്രസ്താവനക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ളത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!