പിന്തിരപ്പൻ ആശയങ്ങളെ മഹത്വവത്കരിക്കരുത്; സിലബസ് വിവാദത്തിൽ നിലപാട് വിദഗ്ദ സമിതി ശുപാർശക്ക് ശേഷം: മുഖ്യമന്ത്രി

By Web TeamFirst Published Sep 10, 2021, 6:50 PM IST
Highlights

ഏത് പിന്തിരിപ്പൻ ആശയങ്ങളേയും നമ്മുക്ക് പരിശോധിക്കേണ്ടി വരും എന്നാൽ അതിനെ മഹത്വവത്കരിക്കാതിരുന്നാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

തിരുവനന്തപുരം: സ്വാതന്ത്ര സമരത്തിനോട് മുഖം തിരിഞ്ഞു നിന്ന ആശയങ്ങളേയും നേതാക്കളേയും മഹത്വവത്കരിക്കുന്ന നിലപാട് ഇവിടെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവ്വകലാശാലയുടെ സിലബസിൽ ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഏത് പിന്തിരിപ്പൻ ആശയങ്ങളേയും നമ്മുക്ക് പരിശോധിക്കേണ്ടി വരും എന്നാൽ അതിനെ മഹത്വവത്കരിക്കാതിരുന്നാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

കണ്ണൂർ സർവകലാശാലയുടെ വിസി കാര്യങ്ങൾ വിശദീകരിച്ചതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു. ഇതിൽ നിലപാട് വ്യക്തമാണ്. സ്വാതന്ത്ര്യ സമരത്തിന് മുഖംതിരിഞ്ഞുനിന്ന ആശയങ്ങളെയും നേതാക്കളെയും മഹത്വവത്കരിക്കുന്ന നിലപാട് നമുക്കില്ല. അതിനാരും തയ്യാറാകരുത്. ഏത് പ്രതിലോമകരമായ ആശയങ്ങളും പരിശോധിക്കേണ്ടി വരും. എന്നാൽ അതിനെ മഹത്വവത്കരിക്കരുത്. 

സർവകലാശാല ഫലപ്രദമായ നടപടി ഇപ്പോൾ തന്നെ സ്വീകരിച്ചു. രണ്ടംഗ വിദഗ്ദ്ധ സമിതിയെ പരിശോധനയ്ക്കായി നിശ്ചയിച്ചിട്ടുണ്ട്. ഡോ ജെ പ്രഭാഷ്, ഡോ കെഎസ് പവിത്രനുമാണ് വിദഗ്ദ്ധ സമിതി. അവരുടെ ശുപാർശയിൽ ഇക്കാര്യത്തിൽ നിലപാടെടുക്കും. ഇക്കാര്യത്തിൽ കേരളത്തിന്റെ നിലപാടിൽ ആർക്കും സംശയമുണ്ടാകുമെന്ന് കരുതുന്നില്ല

click me!