
കോഴിക്കോട്: ജനറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കുന്ന കാര്യത്തിൽ സമസ്തയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം. ജനറൽ സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസിയുടെ നിലപാട് തള്ളി നാസർ ഫൈസി കൂടത്തായി പരസ്യമായി രംഗത്തെത്തി. ജനറൽ സീറ്റുകളിൽ മുസ്ലിം വനിതകൾ മത്സരിക്കേണ്ടത് അനിവാര്യമായ സാഹചര്യമാണെന്നും ഇതിന് സമസ്തയുടെ അംഗീകാരമുണ്ടെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. ജനറൽ സീറ്റിൽ വനിതകളെ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസിയുടെ നിലപാടിനെ തള്ളിയ അദ്ദേഹം, സ്ത്രീകളെ പൂർണ്ണമായും മാറ്റിനിർത്തുന്നത് പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിനെ മാത്രം ലക്ഷ്യം വെച്ചുള്ള വിമർശനങ്ങൾ രാഷ്ട്രീയ തിമിരം ബാധിച്ചതാണെന്നും, ലീഗിനോട് ചേർന്നുനിന്നുള്ള ഗുണപരമായ വിമർശനങ്ങളെ മാത്രമേ അംഗീകരിക്കാനാവൂ എന്നും നാസർ ഫൈസി ഫേസ്ബുക്കിൽ കുറിച്ചു.
ജനറൽ സീറ്റും സ്ത്രീ സ്ഥാനാർത്ഥിത്വവും
സ്ത്രീസംവരണ സീറ്റുകളിൽ മുസ്ലിം സ്ത്രീകൾക്ക് മത്സരിക്കാമെന്ന് സമസ്ത തീരുമാനിക്കുന്നത് അനിവാര്യമായ സാഹചര്യത്തിലാണ്. ജനറൽ സീറ്റുകളിൽ മുസ്ലിം സ്ത്രീകൾ മത്സരിക്കേണ്ടി വരുന്നതും അതുപോലെ ഒരു അനിവാര്യ സാഹചര്യത്തിലാണ്. മതേതരത്വം ചോദ്യം ചെയ്യപ്പെടുക, പൊതു സമൂഹത്തിൽ പാർട്ടിയുടെ ഇമേജ്, അവരെ മാറ്റി നിർത്തിയാൽ സ്ത്രീകൾക്കിടയിലും പൊതു സമൂഹത്തിലും ചിലർ ഉണ്ടാക്കാവുന്ന വിരുദ്ധ ധ്രുവീകരണം. തുടങ്ങിയ പല അനിവാര്യ സാഹചര്യവും പരിഗണിച്ച് കൊണ്ട് മുസ്ലിം ലീഗും സ്ത്രീകളെ ജനറൽ സീറ്റുകളിൽ പരിഗണിക്കാമെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേരത്തെ പറഞ്ഞത് കാലിക നിലപാടാണ്. പിന്നെ രാഷ്ട്രീയ സമീപനത്തിൽ സമദൂരം തരാതരം പ്രസ്താവിക്കുകയും നിർദ്ദേശങ്ങളും ഉപദേശങ്ങളും വിമർശനങ്ങളും ലീഗിന് നേരെ മാത്രമാക്കുന്നതും രാഷ്ട്രീയ തിമിരമാണ്.
ലീഗിനെ ഉപദേശിക്കാം പക്ഷേ അത് ചേർന്ന് നിൽക്കുമ്പോൾ ! അല്ലെങ്കിൽ ഉപദേശം എല്ലാ പാർട്ടികളോടും ഒരുപോലെ വേണം. എല്ലാ പാർട്ടിയോടും സമീപനം ഒരുപോലെയാണെങ്കിൽ ഉപദേശവും ശാസനയും അത് പോലെ മതിയാവും. ധാർമ്മിക വിഷയങ്ങളിൽ ബന്ധപ്പെട്ടവർക്ക് ലീഗിനെ ഉപദേശിക്കാം, അത് ലീഗിനോട് ചേർന്നു കൊണ്ടാവണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam