Latest Videos

നസ്രാണി മഹാ സംഗമം: കുറവിലങ്ങാട് മർത്ത് മറിയം തീർത്ഥാടന ദേവാലയാങ്കണത്തിൽ നാളെ തുടക്കമാകും

By Web TeamFirst Published Aug 31, 2019, 8:04 AM IST
Highlights

കേരളത്തിലെ ക്രൈസ്തവ സഭാ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് കുറവിലങ്ങാട്. ക്രിസ്തു ശിഷ്യനായ മാർത്തോമായുടെ പിൻഗാമികളായ നസ്രാണി ക്രിസ്ത്യാനികളുടെ ഈറ്റില്ലം കൂടിയാണ് കുറവിലങ്ങാട്. 

കോട്ടയം: നസ്രാണി മഹാ സംഗമത്തിനൊരുങ്ങി കോട്ടയം കുറവിലങ്ങാട്. കുറവിലങ്ങാട് മർത്ത് മറിയം തീർത്ഥാടന ദേവാലയാങ്കണത്തിൽ നാളെ നസ്രാണി മഹാ സംഗമത്തിന് തുടക്കമാകും. കേരളത്തിലെ എട്ട് ക്രൈസ്തവ സഭാ തലവന്മാരുടെയും ഇരുപതിനായിരത്തിലധികം പ്രതിനിധികളുടെയും ഒത്തുചേരലാണ് നസ്രാണി സംഗമം.

കേരളത്തിലെ ക്രൈസ്തവ സഭാ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് കുറവിലങ്ങാട്. ക്രിസ്തു ശിഷ്യനായ മാർത്തോമായുടെ പിൻഗാമികളായ നസ്രാണി ക്രിസ്ത്യാനികളുടെ ഈറ്റില്ലം കൂടിയാണ് കുറവിലങ്ങാട്. കൂനൻകുരിശ് സത്യത്തിന് മുൻപ് ക്രൈസ്തവ സഭ ഒന്നായിരുന്നപ്പോൾ സഭയ്ക്ക് നേതൃത്വം നൽകിയ അർക്കദിയാക്കോന്മാരുടെ പ്രവർത്തന കേന്ദ്രവും തറവാടും കുറവിലങ്ങാടായിരുന്നു.

1653-ലെ കൂനൻകുരിശ് സത്യം കഴിഞ്ഞ് 365 വർഷത്തിന് ശേഷമാണ് പലതായി പിരിഞ്ഞു പോയ എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും പ്രതിനിധികളും നസ്രാണി സംഗമത്തിനായി വീണ്ടും കുറവിലങ്ങാട് ഒന്നിച്ചു ചേരുന്നത്. മാർത്തോമാ ശ്ലീഹായുടെ പാരമ്പര്യം അവകാശപ്പെടുന്ന സിറോ മലബാർ, സിറോ മലങ്കര, ഓർത്തഡോക്സ്, യാക്കോബായ, അസ്സീറിയൻ, തൊഴിയൂർ സഭാ മേലധ്യക്ഷന്മാരും ഈ സഭകളിൽ ഉൾപ്പെട്ട വിവിധ കുടുംബങ്ങളിൽപ്പെട്ടവരുമാണ് സംഗമത്തിൽ ഒത്തു ചേരുന്നത്.

നസ്രാണി സഭാ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഉദയം പേരൂർ സുന്നഹദോസിന്‍റെ 420-ാം വാർഷികത്തിലാണ് ഈ സംഗമം എന്നതും ഒരു പ്രത്യേകതയാണ്. സംഗമത്തോട് അനുബന്ധിച്ച് അന്താരാഷ്ട്ര മരിയൻ സിന്പോസിയവും നടക്കും. ചരിത്ര ഗവേഷകർക്ക് വരും വർഷങ്ങളിൽ പ്രയോജനപ്പെടും വിധം സംഗമത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേരുടെയും വിവരങ്ങൾ രേഖപ്പെടുത്തും. ഉണരാം, ഒരുമിക്കാം ഉറവിടത്തിൽ എന്ന ആഹ്വാനത്തോടെയാണ് ഒന്നാം നസ്രാണി മഹാസംഗമം നടത്തപ്പെടുന്നത്.
 

click me!