
മലപ്പുറം: ബിജെപിയുടെ പൗരത്വ ബില്‍ അനുകൂല കാംപയ്‌നില്‍ പങ്കെടുത്ത എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയെ സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്തു. സംഘടന വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് സസ്പെൻഷൻ എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ജനസമ്പർക്ക പരിപാടിയുമായി സഹകരിച്ചതിനാണ് നാസർ ഫൈസിക്കെതിരെ നടപടി വന്നതെന്നാണ് സമസ്തയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്നത്.
കേരളം പൊതുവിലും മുസ്ലീം സമുദായം അതിശക്തമായും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധവപരിപാടികളുമായി മുന്നോട്ട് നീങ്ങുന്നതനിടെ സമസ്തയുടെ പ്രധാന നേതാവ് തന്നെ നിയമഭേദഗതിയെ ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ബിജെപി പരിപാടിയിൽ എത്തിയത് സമസ്തയുടെ പ്രവർത്തകരെ ഞെട്ടിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം നാസർ ഫൈസി ജനസമ്പർക്ക പരിപാടിക്കെത്തിയ ബിജെപി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം പ്രചരിച്ചതോടെ സംഘടന നേതൃത്വം തന്നെ പ്രതിരോധത്തിലായിരുന്നു.
ജനസമ്പർക്കപരിപാടിയുമായി നാസർ ഫൈസി സഹകരിച്ചെന്ന വാർത്ത വന്നതിന് പിന്നാലെ തന്നെ സമസ്ത കേരളയുടെ അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നാസർ ഫൈസി കൂടത്തായിയെ വിളിച്ചു വരുത്തി ശകാരിക്കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാൽ വീട്ടിലേക്ക് വന്ന ബി.ജെ.പി നേതാക്കളോട് ആതിഥ്യ മര്യാദയാണ് കാണിച്ചതെന്നും ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നതായും നാസർ ഫൈസി കൂടത്തായ് പ്രതികരിച്ചു. ലഘുലേഖ നിർബന്ധിച്ചു നൽകിയ ബിജെപി നേതാക്കളിൽ നിന്നും താൻ അതു കൈപ്പറ്റിയതും ചിത്രം പകർത്താൻ അവസരമൊരുക്കിയതും ജാഗ്രതക്കുറവാണെന്നും തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്ക് എല്ലാവരോടും മാപ്പിരക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ നിർണായക ഘട്ടത്തിൽ ഇത്തരമൊരു വിവാദം സൃഷ്ടിച്ച് സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയ നാസർ ഫൈസി കൂടത്തായിക്കെതിരെ ശക്തമായ നടപടി വേണമെന്ന് സംഘടനാനേതാക്കൾ തന്നെ നിലപാട് സ്വീകരിച്ചു. കോഴിക്കോട് ഖാസിയും എസ്.വെെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ജമലുല്ലൈലി തങ്ങളും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരും നാസർ ഫൈസി കൂടത്തായിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തു വന്നിരുന്നു. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദ്നിയും സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം പങ്കുവച്ചു.
ഇതോടെയാണ് നാസർ ഫൈസി കൂടത്തായിക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാൻ സമസ്ത നേതൃത്വം തീരുമാനിച്ചത്. സംഘടനയിൽ നിന്നും സസ്പെൻഡ് ചെയ്തത് കൂടാതെ സമസ്തയുടെ കീഴ്ഘടകങ്ങളിലെ എല്ലാ ഓദ്യോഗികസ്ഥാനങ്ങളിൽ നിന്നും നാസർ ഫൈസി കൂടത്തായിയെ നീക്കിയിട്ടുണ്ട്. സുന്നി യുവജന സംഘം സംസ്ഥാന ജോയിൻ സെക്രട്ടറി. കോഴിക്കോട് ജില്ലാ സെക്രട്ടറി. ജംയിയത്തുൽ ഖുത്ബാ സംസ്ഥാന സെക്രട്ടറി തുടങ്ങിയ ഭാരവാഹിത്വം അദ്ദേഹം വഹിച്ചിരുന്നു. അതിനിടെ കൊടുവള്ളിയിലെ ഇടത് എംഎല്‍എ കാരാട്ട് റസാഖും ബിജെപി ജനസമ്പര്‍ക്ക പരിപാടിയുമായി സഹകരിച്ചതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam