സ്ത്രീ വിരുദ്ധ പരാമർശം; പി സി ജോർജ്ജിനെതിരെ ദേശീയ മഹിള ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

By Web TeamFirst Published Jan 24, 2021, 7:22 AM IST
Highlights

സ്ത്രീ വിരുദ്ധ പരാമർശത്തിന് രണ്ട് തവണ നിയമസഭ ശാസിച്ചയാളെ മത്സരിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് കമ്മീഷനെ സമീപിക്കുന്നത്. 

ദില്ലി: കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയ പിസി ജോർജ്ജ് എംഎൽഎ യ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ദേശീയ മഹിള ഫെഡറേഷന്‍. സ്ത്രീ വിരുദ്ധ പരാമർശത്തിന് രണ്ട് തവണ നിയമസഭ ശാസിച്ചയാളെ മത്സരിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് കമ്മീഷനെ സമീപിക്കുന്നത്. 

പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് കഴിഞ്ഞ ദിവസം നിയമ സഭ സ്പീക്കൾ പിസി ജോർജ്ജിനെ ശാസിച്ചത്. കന്യാസ്ത്രീമാർ ജോർജിനെതിര സ്പീകർക്ക് നൽകിയ പരാതിയിലാണ് നടപടി. 2013 ൽ കെ ആർ ഗൗരിയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചപ്പോഴും പി സി ജോർജ്ജിനെ സഭ ശാസിച്ചിരുന്നു. 

അന്ന് കെ.മുരളീധരൻ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റിയാണ് ജോർജ്ജിനെ താക്കീത് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഒന്നിലധികം തവണ സഭ ശാസന ഏറ്റുവാങ്ങിയ ഒരാൾ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ യോഗ്യനല്ലെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ പറഞ്ഞു.

പീഡനത്തിനിരയായ കന്യാസ്ത്രീകളെ കുറിച്ച് നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പിസി ജോര്‍ജ്ജ് ഹാജരായിരുന്നില്ല. കൊച്ചിയിൽ ആക്രമണത്തിനിരയായ നടിയെ കുറിച്ച് അപകീർത്തികരമായി സംസാരിച്ചതിനെ തുടർന്ന് സംസ്ഥാന വനിതാ കമ്മീഷനും പിസി ജോർജ്ജിനെതിരെ രംഗത്ത് വന്നിരുന്നു. അന്ന് നോട്ടീസ് അയച്ച വനിത കമ്മീഷനെതിരെ പ്രസ്താവനകളിറക്കി പിസി ജോജർജ്ജ് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

click me!